ശുദ്ധിക്രിയ നടത്തിയ സംഭവം; വിശദീകരണം നല്‍കാന്‍ തന്ത്രിക്ക് സമയം അനുവദിച്ച് ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട: യുവതീപ്രവേശനത്തെ തുടര്‍ന്ന് ശബരിമലയില്‍ ശുദ്ധിക്രിയ നടത്തിയ സംഭവത്തില്‍ തന്ത്രിക്ക് വിശദീകരണം നല്‍കുവാന്‍ സമയം അനുവദിച്ച് ദേവസ്വം ബോര്‍ഡ്.

മറുപടി നല്‍കുന്നതിന് രണ്ടാഴ്ച്ചത്തെ സമയമാണ് തന്ത്രിയ്ക്ക് നല്‍കിയത്. സമയം നീട്ടണമെന്ന തന്ത്രിയുടെ ആവശ്യമാണ് ദേവസ്വം ബോര്‍ഡ് അംഗീകരിച്ചത്. പതിനഞ്ച് ദിവസത്തെ സാവകാശമായിരുന്നു തന്ത്രി ആവശ്യപ്പെട്ടത്.

അതേസമയം, ശബരിമല കേസില്‍ റിട്ട് ഹര്‍ജികള്‍ ഫെബ്രുവരി എട്ടിന് സുപ്രീംകോടതി പരിഗണിച്ചേക്കും. ശൈലജ വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജികളാണ് എട്ടാം തീയതി പരിഗണിക്കാന്‍ സാധ്യത. ഭരണഘടനാ ബഞ്ചിന്റെ വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജികള്‍ തീര്‍പ്പാക്കിയ ശേഷമായിരിക്കും റിട്ട് ഹര്‍ജികള്‍ പരിഗണിക്കുകയുള്ളൂവെന്ന് നേരത്തെ ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു.

തുടര്‍ന്ന് പുനഃപരിശോധന ഹര്‍ജികള്‍ ജനുവരി 22ന് പരിഗണിക്കാന്‍ നേരത്തെ തീരുമാനിച്ചെങ്കിലും ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ അസൗകര്യം കാരണം മാറ്റി വെച്ചു. പുതിയ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല.

Top