ചോദിക്കാതെ ദേവസ്വം ബോര്‍ഡ് എങ്ങനെ റിപ്പോര്‍ട്ട് നല്‍കും? പ്രചരണം കബളിപ്പിക്കലെന്ന്

തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശന വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ആദ്യം നിലപാടെടുത്ത ശേഷം, പിന്നീട് സര്‍ക്കാരിനൊപ്പം നിന്ന് മേല്‍ക്കോടതിയില്‍ പോകുകയില്ലെന്നായിരുന്നു ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.

പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ളവര്‍ മലചവിട്ടാനെത്തിയതോടെ, ഭക്തരുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാമെന്ന് അറിയിച്ച് ദേവസ്വം ബോര്‍ഡ് രംഗത്തെത്തിയത്. എന്നാല്‍ ദേവസ്വം ബോര്‍ഡിന്റെ ഈ നിലപാട് തള്ളുകയാണ് നിയമവിദഗ്ധര്‍. നിലവിലുള്ള കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കോടതി ആവശ്യപ്പെടാതെ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാധ്യമല്ല. അതിനാല്‍ തന്നെ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യുമെന്ന പ്രസ്താവനയ്ക്ക് നിയമത്തിന്റെ പിന്‍ബലവും നിലനില്‍ക്കുകയില്ല. ഭക്തരുടെയും വിവിധ സംഘടനകളുടെയും പ്രതിഷേധം ശമിപ്പിക്കാനുള്ള പ്രഖ്യാപനം മാത്രമായേ ബോര്‍ഡിന്റെ പ്രസ്താവനയെ കാണാന്‍ സാധിക്കുകയുള്ളുവെന്ന് സുപ്രീംകോടതിയിലെ അഭിഭാഷകന്‍ കൂടിയായ കാളീശ്വരം രാജ് പറയുന്നു.

sabarimala111

റിവ്യൂ ഹര്‍ജി അപ്പീലിന് തുല്യമല്ലെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സുപ്രധാന കാര്യങ്ങള്‍ വിധിയില്‍ വിട്ടുപോയാലോ അല്ലെങ്കില്‍ പിഴവ് ഉണ്ടെങ്കിലോ മാത്രമേ അത് തിരുത്താന്‍ റിവ്യു ഹര്‍ജികള്‍ കൊണ്ടു സാധിക്കുകയുള്ളുവെന്നും ആണ് ഇവരുടെ അഭിപ്രായം.

അതേസമയം, റിവ്യൂ ഹര്‍ജി പരിഗണിക്കുന്നതിനിടെ ദേവസ്വം ബോര്‍ഡ് നിലപാട് കോടതിയെ അറിയിക്കാം. കോടതിയില്‍ ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും ഒരേ നിലപാട് തന്നെയാകാനാണ് സാധ്യത. കാരണം ദേവസ്വം ബോര്‍ഡ് മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും ഭയപ്പെടുന്ന സാഹചര്യമാണ് ഉള്ളത്. അതുകൊണ്ട് തന്നെ പോലീസ് സംരക്ഷണയില്‍ ശ്രമം നടത്തിയെങ്കിലും സമരക്കാരുടെ പ്രതിഷേധം മൂലം സാധിച്ചില്ലെന്ന കാര്യമാകും ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിക്കുക. വിധി നടപ്പിലാക്കുന്നതിനുള്ള ശ്രമം ദേവസ്വം ബോര്‍ഡിന്റെ ഭാഗത്ത് നിന്ന് ശ്രമം നടന്നുവെന്നതാണ് ഇത് ചൂണ്ടിക്കാട്ടുക.

Devaswom-board

നിലവില്‍ ദേവസ്വം ബോര്‍ഡിന്റെ ഭാഗത്ത് രൂക്ഷമായ അഭിപ്രായ ഭിന്നത നില്‍ക്കുന്നുണ്ട്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് പന്തളം കൊട്ടാരത്തിന്റെയും തന്ത്രിമാരുടെയും ഭക്തരുടെയും നിലപാട് പരിഗണിക്കാം. അതേസമയം ദേവസ്വം ബോര്‍ഡ് അംഗം കെ.രാഘവന്‍ വിധി നടപ്പിലാക്കണമെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തോടാണ് യോജിക്കുന്നത്. അതിനാല്‍ തന്നെ സുപ്രീംകോടതിയില്‍ ദേവസ്വം ബോര്‍ഡ് സ്വീകരിക്കുന്ന നിലപാട് റിവ്യൂഹര്‍ജികളിലും നിര്‍ണ്ണായകമാകും.

Top