തന്ത്രിയ്ക്കു പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്

കോഴിക്കോട്: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിനു പിന്നാലെ നടയടച്ചു ശുദ്ധികലശം നടത്തിയ തന്ത്രിക്കു സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്.

യുവതികളില്‍ ഒരാള്‍ ദളിത് ആയതിനാല്‍ തന്ത്രി നടത്തിയ ശുദ്ധിക്രിയ അയിത്താചാരം ആയി കണക്കാക്കാവുന്നതാണെന്നും അതിനാലാണു കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതെന്നും കമ്മീഷന്‍ അംഗം എസ്. അജയകുമാര്‍ പറഞ്ഞു.

ഈ മാസം 17ന് ഹിയറിംഗിന് വേണ്ടി ഹാജരാകണമെന്ന് തന്ത്രിക്കു നോട്ടീസ് അയച്ചിരുന്നു. എന്നാല്‍,ഹാജരാവാത്തതുകൊണ്ടു തുടര്‍നടപടി എന്ന നിലയ്ക്കാണ് തന്ത്രിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണഘടനയ്ക്കും നിയമ വ്യവസ്ഥയ്ക്കും ഒരു തന്ത്രിയും അതീതനല്ലെന്നും ഭരണഘടനയ്ക്ക് മുകളില്‍ പറക്കാന്‍ സവര്‍ണാധിപത്യത്തെ അനുവദിച്ചുകൂടെന്നും അദ്ദേഹം അറിയിച്ചു.

Top