നിലപാട് ശരിയായിരുന്നു; ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ അനുകൂലിച്ച് കോടിയേരി

kodiyeri balakrishnan

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞടുപ്പിലെ വന്‍ പരാജയത്തിന് പിന്നാലെ ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ നിലപാടിനെ അനുകൂലിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ശബരിമല വിഷയത്തില്‍ മറ്റൊരു നിലപാട് സ്വീകരിക്കാന്‍ കഴിയുമായിരുന്നില്ല. സ്ത്രീ – പുരുഷ സമത്വം ഇടതുപക്ഷ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. കോടതി വിധിയെ കോണ്‍ഗ്രസും ബിജെപിയും ആദ്യം സ്വാഗതം ചെയ്യുകയാണുണ്ടായത്. സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. അത് മാത്രമാണ് ചെയ്തതത്. ചില സമുദായ സംഘടനകളാണ് ആദ്യം എതിര്‍പ്പുമായി രംഗത്തെത്തിയത് ഇതോടെ സുവര്‍ണാവസരമായിക്കണ്ട് ചിലര്‍ രംഗത്തെത്തുകയും കോണ്‍ഗ്രസും ബിജെപിയും സമരത്തില്‍ പങ്കാളികളാവുകയും ചെയ്തു. പിന്നീട് വലിയ തോതിലുള്ള പ്രചാരവേല നടന്നു.

മുഖ്യമന്ത്രി നവോദ്ധാന സംഘടനകളുടെ യോഗം വിളിച്ചത് ഈ അവസരത്തിലാണ്. നവോദ്ധാന സംരക്ഷണ സമിതിയാണ് വനിതാ മതില്‍ സംഘടിപ്പിച്ചത്. വനിതാ മതില്‍ വന്‍ വിജയമായിരുന്നു. ഇത് ആര്‍.എസ്.എസ്സിന്റെ അജണ്ട തകര്‍ക്കാനിടയാക്കി. ഇതോടെ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള ആര്‍.എസ്.എസ്സിന്റെ അജണ്ട വിജയിക്കാതെപോയി.

എന്നാല്‍, ജനുവരി ഒന്നിനുശേഷം വേണ്ടത്ര പ്രചാരം നടത്താന്‍ കഴിയാതെപോയെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തിയെന്ന് അദ്ദേഹം പറഞ്ഞു. ജനുവരി ഒന്നിനുശേഷം തുടര്‍ പ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞില്ല. ഈ അവസരം ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ എതിരാളികള്‍ ഉപയോഗിച്ചു. വീടുവീടാന്തരം കയറി പ്രചാരണം നടത്താന്‍ കോണ്‍ഗ്രസും ആര്‍.എസ്.എസ്സും മറ്റുള്ളവരും ശ്രമിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ട് വിഷയം ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവന്നു. ഈ അവസരത്തില്‍ വീടുകള്‍ തോറും കയറി നടത്തിയ ബിജെപി – കോണ്‍ഗ്രസ് പ്രചാരണം തടയാന്‍ വേണ്ടത്ര ശ്രദ്ധിച്ചില്ല. ഇതുമൂലം ഒരു വിഭാഗം വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാന്‍ ശത്രുക്കള്‍ക്ക് കഴിഞ്ഞു. പ്രചാരണത്തില്‍ കുടുങ്ങി വിശ്വാസികളായ ഒരു വിഭാഗം ഇടതുപക്ഷത്തിനെതിരെ വോട്ടുചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.

Top