ശബരിമലയില്‍ സിപിഐഎമ്മിന്റെയും ബിജെപിയുടെയും ഒത്തുകളിയാണ് നടക്കുന്നത് കെ. മുരളീധരന്‍

K Muralidharan

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെ കേസെടുത്ത് ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കെ മുരളീധരന്‍. അറസ്റ്റ് ചെയ്താല്‍ പിണറായിയുടെ ഗൂഢാലോചന പിള്ള തുറന്നു പറയുമോ എന്ന് പേടിയുണ്ടോ എന്നും ശബരിമലയില്‍ സിപിഐഎമ്മിന്റെയും ബിജെപിയുടെയും ഒത്തുകളിയാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ശബരിമലയില്‍ യുവതി പ്രവേശിച്ചാല്‍ നടയടയ്ക്കുമെന്ന തന്ത്രിയുടെ നിലപാട് ബിജെപിയുമായി ആലോചിച്ച ശേഷമായിരുന്നു എന്ന പി.എസ് ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തല്‍ ഇന്നലെ വിവാദമായിരുന്നു. തുലാമാസ പൂജാ സമയത്ത് യുവതികള്‍ സന്നിധാനത്തിന് അടുത്ത് എത്തിയപ്പോള്‍ തന്ത്രി വിളിച്ചിരുന്നുവെന്നും നടയടച്ചാല്‍ കോടതി അലക്ഷ്യമാവില്ലേയെന്ന് ചോദിച്ചെന്നുമാണ് ശ്രീധരന്‍പിള്ള കോഴിക്കോട് യുവമോര്‍ച്ചാ യോഗത്തില്‍ വെളിപ്പെടുത്തിയത്.

അതേസമയം വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട് ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ ഇന്ന് കേസെടുത്തേക്കും. യുവമോര്‍ച്ച സംസ്ഥാന സമിതി യോഗത്തിലെ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ മതവികാരം ഇളക്കിവിടുന്നതിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പട്ട് കൊച്ചിയിലും കോഴിക്കോടും പരാതികള്‍ ലഭിച്ചിട്ടുണ്ട്.

നന്മണ്ട സ്വദേശിയായ ഷൈബിനാണ് കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. തന്ത്രിയേയും പ്രവര്‍ത്തകരേയും ശ്രീധരന്‍ പിള്ള കോടതിയലക്ഷ്യത്തിന് പ്രേരിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കേസെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

Top