ശബരിമല സ്ത്രീപ്രവേശനം; 28 വര്‍ഷത്തെ നിയമപോരാട്ടത്തിനു പിന്നില്‍ ഒരു ഫോട്ടോ!

sabarimala

തിരുവനന്തപുരം: 1990ലെ ഒരു പത്രത്തിലെ ചിത്രമാണ് ശബരിമല സ്ത്രീപ്രവേശനത്തെച്ചൊല്ലിയുള്ള 28 വര്‍ഷം നീണ്ട നിയമ പോരാട്ടങ്ങളിലേയ്ക്ക്‌ എത്തിച്ചത്. 2006ല്‍ സുപ്രീംകോടതിയില്‍ എത്തിയ കേസില്‍ 12 വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ വിധി വരുന്നത്. ദേവസ്വം കമ്മീഷണറായിരുന്ന എസ്. ചന്ദ്രികയുടെ കൊച്ചുമകളുടെ ചോറൂണ് ശബരിമല സന്നിധാനത്ത് വച്ച് നടത്തുന്നതിന്റെ ചിത്രം 1990 ഓഗസ്റ്റ് 19ന് ഒരു ദിനപ്പത്രത്തില്‍ അച്ചടിച്ചു വന്നു. ചങ്ങനാശ്ശേരി സ്വദേശിയായ എസ് മഹേന്ദ്രന്‍ ഈ ചിത്രം ഉള്‍പ്പെടുത്തി കേരള ഹൈക്കോടതിയ്ക്ക് അതേ വര്‍ഷം സെപ്തംബര്‍ 24ന് ഒരു പരാതി അയച്ചു.

ചിലര്‍ക്ക് ശബരിമലയില്‍ വിഐപി പരിഗണനയാണെന്നും നിയന്ത്രണമില്ലാതെ സ്ത്രീകള്‍ ശബരിമലയില്‍ കയറുന്നു എന്നുമായിരുന്നു പരാതിയിലെ പരാമര്‍ശം. ഭരണഘടനയുടെ 226-ാം അനുച്ഛേദപ്രകാരം പ്രകാരം ഈ പരാതി റിട്ട് ഹര്‍ജിയായി പരിഗണിക്കണമെന്ന് ജസ്റ്റിസുമാരായ കെ. പരിപൂര്‍ണ്ണന്‍, കെ.വി മാരാര്‍ എന്നിവര്‍ നിര്‍ദ്ദേശിച്ചു. 1991 ഏപ്രില്‍ അഞ്ചിന് പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കരുതെന്ന് ഹൈക്കോടതി വിധി പറഞ്ഞു. സ്ത്രീകള്‍ പ്രവേശിക്കുന്നത് ആചാരങ്ങള്‍ക്കും എതികരാണെന്നും അത് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത് ചോദ്യം ചെയ്ത് പിന്നീട് ഹര്‍ജികള്‍ ഉണ്ടായില്ല.

15 വര്‍ഷത്തിന് ശേഷം 2006 ല്‍ യങ് ലോയേഴ്‌സ് അസ്സോസിയേഷന്‍ സ്ത്രീപ്രവേശനം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ജസ്റ്റിസ് അരജിത് പ്രസായത്, ജസ്റ്റിസ് ആര്‍. രവീന്ദ്രന്‍ തുടങ്ങിയവരുടെ കൈകളിലൂടെ കേസ് കടന്നു പോയി. കഴിഞ്ഞ വര്‍ഷം ജസ്റ്റിസ് ദീപക് മിശ്രയുടെ കോടതിയില്‍ കേസ് എത്തിയതാണ് നിര്‍ണ്ണായക വഴിത്തിരിവായത്.

കേസില്‍ ഭരണാഘടനാപരമായ ചോദ്യങ്ങളുണ്ടെന്ന് സുപ്രീംകോടതി കണ്ടെത്തി. 5 ചോദ്യങ്ങളോടെ ദീപക് മിശ്ര കേസ് ഭരണഘടനാ ബഞ്ചിന് വിട്ടു. 8 ദിവസം തുടര്‍ച്ചയായി വാദം കേട്ട് ഓഗസ്റ്റില്‍ ഇത് വിധി പറയാന്‍ മാറ്റിവച്ചു.

Top