ശബരിമലയിലെ അക്രമസംഭവങ്ങളില്‍ 1407 പേരെ പൊലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭത്തില്‍ 1407 പേരെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തു. 258 കേസുകളാണ് ഇതുവരെ പൊലീസ് രജിസ്റ്റര്‍ ചെയ്തത്.

എറണാകുളത്തുനിന്നും തൃപ്പൂണിത്തുറയില്‍ നിന്നുമാണ് കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തത്. എറണാകുളം ജില്ലയില്‍ ഇതുവരെ 75 പേര്‍ അറസ്റ്റിലായി. തൃപ്പൂണിത്തുറ മേഖലയില്‍ മാത്രം 51 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹര്‍ത്താല്‍, വഴി തടയല്‍ എന്നീ സംഭവങ്ങളിലാണ് അറസ്റ്റ്.

അതേസമയം ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കിയവരുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു. സംഘര്‍ഷത്തില്‍ പങ്കെടുത്ത 210 പേരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ഈ ചിത്രങ്ങള്‍ വിവിധ ജില്ലകളിലേക്ക് അയച്ച് നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടവരും, യുവതികളെ കടത്തിവിടുന്നതിനെതിരെ പ്രക്ഷോഭം നടത്തിയവരുമാണ് ലുക്ക് ഔട്ട് നോട്ടീസിലുള്ളതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. കെ.എസ്.ആര്‍.ടി.സി ബസുകള്‍ പൊലീസ് വാഹനങ്ങള്‍ എന്നിവ തല്ലിതകര്‍ത്തതിലും ഇവര്‍ പ്രതികളാണ്.

Top