ശബരിമല വിഷയത്തില്‍ പ്രതിഷേധം:ചെങ്ങന്നൂരില്‍ സജി ചെറിയാനെയും പത്മകുമാറിനെയും തടഞ്ഞു

ചെങ്ങന്നൂര്‍: ശബരിമല ദര്‍ശനത്തിന് യുവതീ സംഘമെത്തിയ സാഹചര്യത്തില്‍ പ്രതിഷേധം ശക്തമാക്കി ബിജെപി പ്രവര്‍ത്തകര്‍. ശബരിമല ദേവസ്വം ബോര്‍ഡ് ഓഫീസിലെ ഇലക്ട്രീക് സെക്ഷന്‍ ഉദ്ഘാടനം ചെയ്യാനെത്തിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, കമ്മീഷണര്‍, സജി ചെറിയാന്‍ എംഎല്‍എ എന്നിവരെ പ്രതിഷേധക്കാര്‍ തടഞ്ഞു.

പ്രതിഷേധം ശക്തമായതോടെ പ്രസിഡന്റും കമ്മീഷണറും എംഎല്‍എയും മടങ്ങുകയായിരുന്നു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം നടന്നത്. അതേസമയം ശബരിമലയില്‍ ദര്‍ശനം നടത്തണമെന്ന ആവശ്യമുന്നയിച്ച് തമിഴ്‌നാട്ടില്‍ നിന്ന് എത്തിയ മനീതി സംഘത്തെ പമ്പയില്‍ പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. 11 യുവതികള്‍ അടങ്ങുന്ന സംഘത്തിന് നേരെയാണ് പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്.

ശബരിമലയില്‍ ദര്‍ശനത്തിനായാണ് എത്തിയതെന്നും തിരിച്ചു പോകില്ലെന്നും വ്യക്തമാക്കിയാണ് മനീതി സംഘടന എത്തിയത്. എത്ര പ്രതിഷേധമുണ്ടായാലും തങ്ങള്‍ പിന്മാറില്ലന്നും ദര്‍ശനം നടത്തിയേ തിരിച്ചു പോകൂവെന്നുമാണ് അവര്‍ അറിയിച്ചത്. പുലര്‍ച്ചെ മൂന്നരയോടെയാണ് സംഘം പമ്പയില്‍ എത്തിയത്.

അതേസമയം, ശബരിമലയില്‍ ആചാരലംഘനമുണ്ടായാല്‍ നടയടയ്ക്കണമെന്ന മുന്‍ നിലപാടില്‍ മാറ്റമില്ലെന്നാണ് പന്തളം കൊട്ടാരം അറിയിച്ചിരിക്കുന്നത്. ആചാര ലംഘനം ഉണ്ടാകരുതെന്ന നിര്‍ദേശം പന്തളം കൊട്ടാരം ദൂതന്‍ മുഖേനെ തന്ത്രിയെ അറിയിച്ചു.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ പന്തളം കൊട്ടാരവും തന്ത്രിയും നിലപാട് വ്യക്തമാക്കിയിരുന്നു. ചിത്തിര ആട്ട വിശേഷത്തിനും തുലാമാസ പൂജയ്ക്കും മലകയറാന്‍ യുവതികള്‍ എത്തിയപ്പോള്‍, ആചാരലംഘനമുണ്ടായാല്‍ നടയടയ്ക്കണമെന്നായിരുന്നു പന്തളം കൊട്ടാരം നിലപാടെടുത്തത്.

Top