വിശ്വാസികള്‍ക്ക് നിയമ സുരക്ഷ ഉറപ്പാക്കുന്ന ബില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരണമെന്ന്…

kadakampally-surendran

ശബരിമല: ശബരിമല യുവതി പ്രവേശനവുമായ് ബന്ധപ്പെട്ട വിഷയത്തില്‍ വിശ്വാസികള്‍ക്ക് നിയമപരിരക്ഷ ഉറപ്പാക്കുന്ന ബില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ദേവസ്വംമന്ത്രി കടംകപള്ളി സുരേന്ദ്രന്‍. യുവതി പ്രവേശനത്തിനെതിരേ ബില്‍ അവതരിപ്പിക്കാന്‍ ആര്‍എസ്പി അംഗം എന്‍.കെ. പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

വലിയ ഭൂരിപക്ഷം നേടി ഭരണം പിടിച്ച ബിജെപി സര്‍ക്കാര്‍ തന്നെ വിശ്വാസികള്‍ക്ക് നിയമപരിരക്ഷ ഉറപ്പാക്കാന്‍ ബില്‍ കൊണ്ടുവരണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. ഇക്കാര്യം നേരത്തേ തന്നെ ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കില്‍ പ്രേമചന്ദ്രന്‍ കൊണ്ടുവരുന്ന ബില്ലിന് മറ്റു സ്വകാര്യ ബില്ലുകളുടെ സ്ഥിതി ഉണ്ടാവുമെന്ന് കടകംപള്ളി വ്യക്തമാക്കി.

സുപ്രീംകോടതി വിധി തള്ളണമെന്ന് ആവശ്യപ്പെടുന്ന സ്വകാര്യ ബില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ വെള്ളിയാഴ്ചയാണ് ലോക്‌സഭയില്‍ അവതരിപ്പിക്കുക. പതിനേഴാം ലോക്‌സഭയിലെ ആദ്യ സ്വകാര്യ ബില്‍ ആണിത്. ശബരിമല ക്ഷേത്രത്തില്‍ 2018 സെപ്റ്റംബര്‍ ഒന്നിന് മുമ്പുണ്ടായിരുന്ന ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്നും കോടതി വിധി ബാധകമാക്കരുതെന്നും ബില്‍ ആവശ്യപ്പെടുന്നു.

Top