ശബരിമലയെ മോശമായി ചിത്രീകരിച്ചു; റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥനെതിരെ നടപടി

തിരുവനന്തപുരം: ശബരിമലയെയും അയ്യപ്പപ്രതിഷ്ഠയെയും മോശമായി ചിത്രീകരിച്ചതിന് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥനെതിരെ നടപടി. പാപ്പനംകോട് സ്വദേശി വി കെ നാരായണനെതിരെയാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കേസെടുത്തിരിക്കുന്നത്.

2018 സെപ്റ്റംബറില്‍ തന്റെ ഫെയ്‌സ് ബുക്ക് പേജില്‍ ഇയാള്‍ ചെയ്ത പോസ്റ്റിനെതിരെ ബിജെപി പാപ്പനംകോട് ബൂത്ത് പ്രസിഡന്റ് പ്രകാശ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസെടുക്കാന്‍ കൂട്ടാക്കിയില്ല. പൊലീസ് നടപടി ഉണ്ടാകാത്ത സാഹചര്യത്തില്‍ പരാതിക്കാരന്‍ കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യുകയായിരുന്നു.

പ്രതിക്കെതിരെ പ്രഥമദൃഷ്ട്യാ കേസ് കോടതിക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ശിക്ഷാനിയമം 295, 295 എ എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഒക്‌ടോബര്‍ അഞ്ചിന് പ്രതി കോടതിയില്‍ നേരിട്ട് ഹാജരാകാനും കോടതി നിര്‍ദേശിച്ചു.

Top