ശബരിമല കേസ്; അഡ്വ. പ്രകാശ് ബാബുവിന് കോടതി ജാമ്യം അനുവദിച്ചില്ല

പത്തനംതിട്ട: കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ അഡ്വക്കേറ്റ് പ്രകാശ് ബാബുവിന് കോടതി ജാമ്യം അനുവദിച്ചില്ല. ചിത്തിര ആട്ട വിശേഷ സമയത്ത് ശബരിമലയില്‍ സ്ത്രീയെ ആക്രമിച്ച കേസില്‍ പ്രകാശ് ബാബുവിന്റെ ജാമ്യാപേക്ഷ റാന്നി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് തള്ളിയത്.

പ്രകാശ് ബാബുവിനെ 14 ദിവസത്തേക്കാണ് കോടതി റിമാന്‍ഡ് ചെയ്തത്. നാളെ ജില്ലാ കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കും.

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ഉണ്ടായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് പ്രകാശ് ബാബുവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ നാലിന് മുന്‍പായി പത്രിക സമര്‍പ്പിക്കണമെന്നിരിക്കെ കേസുകളില്‍ ജാമ്യമെടുക്കുവാനായിരുന്നു പ്രകാശ് ബാബു കോടതിയില്‍ കീഴടങ്ങാന്‍ തയ്യാറായത്.

പ്രകാശ് ബാബുവിനെതിരെ എട്ട് കേസുകളാണ് ഉള്ളത്. ശബരിമലയില്‍ കലാപത്തിന് ശ്രമിച്ചു, ചിത്തിര ആട്ട വിശേഷത്തിനിടെ സ്ത്രീയെ തടഞ്ഞു, ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പൊലീസ് വാഹനങ്ങള്‍ തകര്‍ത്തു, തുടങ്ങിയ കേസുകളാണ് പ്രകാശ് ബാബുവിനെതിരെയുള്ളത്.

Top