ശബരിമല; ബ്രാഹ്മണ പിതൃമേധാവിത്വം വീണ്ടും ചര്‍ച്ച ചെയ്യപ്പെടുന്നു. .

ന്ത്യാ സന്ദര്‍ശനത്തിനിടെ ട്വിറ്റര്‍ സിഇഒ ജാക് ഡോര്‍സിയുടെ ഫോട്ടോ ഉയര്‍ത്തിയ വിവാദത്തില്‍ മാപ്പു പറഞ്ഞ് കമ്പനി തടിതപ്പിയിരുന്നു. ബ്രാഹ്മണ പിതൃമേധാവിത്വ ഘടന തകര്‍ക്കുക എന്നെഴുതിയ പോസ്റ്റര്‍ പിടിച്ചു നില്‍ക്കുന്ന ഫോട്ടോയാണ് സമൂഹമാധ്യമങ്ങളില്‍ വലിയ തോതിലുള്ള വിമര്‍ശനങ്ങള്‍ക്കു തിരി കൊളുത്തിയത്. ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ ഫോട്ടോയ്‌ക്കെതിരെ അതി ശക്തമായി രംഗത്തു വന്നു. ബ്രാഹ്മണരെ അപമാനിക്കുന്നതാണ് ഇതെന്ന ആരോപണം ആളിപ്പടര്‍ന്നു. ഡോര്‍സിയോടൊപ്പം ഇന്ത്യ സന്ദര്‍ശിച്ച ട്വിറ്ററിന്റെ നിയമ, നയകാര്യ ലീഡായ വിജയ ഗഡ്ഡെ സംഭവത്തില്‍ ക്ഷമാപണവുമായി രംഗത്തെത്തി. ഖേദമുണ്ടെന്നും തങ്ങളുടെ നിലപാടുകളുടെ പ്രതിഫലനമല്ല ആ ഫോട്ടോയെന്നും ട്വിറ്റര്‍ സന്ദേശത്തില്‍ അവര്‍ വ്യക്തമാക്കി.

പുരുഷാധിപത്യ ഘടന ബ്രാഹ്മണ്യത്തിന്റെ സ്വഭാവമാണ് എന്നത് സത്യം തന്നെയല്ലേ എന്ന ചര്‍ച്ചകളാണ് ഈ സംഭവത്തോടെ സജീവമാകുന്നത്. ശബരിമല വിഷയത്തോടൊപ്പം ചേര്‍ത്തു വയ്ക്കുന്നതാണ് അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന ഈ ചര്‍ച്ചകള്‍. താലിബാന്‍ പുരുഷാധിപത്യത്തിന്റെ മറ്റൊരു മുഖമാണ് ശബരിമലയില്‍ കാണുന്നതെന്ന അഭിപ്രായവും ഉയരുന്നുണ്ട്. മുത്തലാഖ് വ്യവസ്ഥിതിയ്‌ക്കെതിരെ മുസ്ലീം സ്ത്രീകളെ അണിനിരത്താന്‍ ഏറ്റവുമധികം രംഗത്തു വന്നത് സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കേണ്ടതില്ല എന്ന് നിലപാടെടുക്കുന്ന സംഘടനകള്‍ തന്നെയാണ്. അന്ന് സ്ത്രീ സ്വാതന്ത്രത്തെക്കുറിച്ചും സമത്വത്തെക്കുറിച്ചും പാടിപ്പുകഴ്ത്തി.

ബ്രാഹ്മണ സമുദായത്തില്‍ നിന്നുള്ള സ്ത്രീകളെ മുന്‍നിരയില്‍ നിര്‍ത്തി സുപ്രീംകോടതി വിധിയ്‌ക്കെതിരെ സമരം നടത്താന്‍ സാധിക്കുന്നു എന്നതാണ് സവിശേഷത. പുരുഷന്റെ ശാരീരികാവസ്ഥകളെക്കുറിച്ച് പരാതി പറയാത്തവര്‍ സ്ത്രീകള്‍ക്കെതിരെ മാത്രം ഇത്രയും കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ പിന്നിലെ ബ്രാഹ്മണിക്കല്‍ സമ്പ്രദായങ്ങളെ ചോദ്യം ചെയ്യുകയാണ് നിലവിലത്തെ ചൂടന്‍ ചര്‍ച്ചകള്‍.

ആദിവാസി സമൂഹത്തെ സംബന്ധിക്കുന്നതാണ് മറ്റൊരു വാദം. പുരുഷാധിപത്യത്തെ എപ്പോഴും ബ്രാഹ്മണിക്കല്‍ വാദത്തോട് ചേര്‍ത്താണ് വായിക്കാറുള്ളത്. എന്തുകൊണ്ടാണ് ദളിത് ആദിവാസി സമൂഹങ്ങള്‍ക്കിടയിലെ ചര്‍ച്ചകളില്‍ ഇതൊരു വലിയ പ്രശ്‌നമായി ഉയര്‍ന്നു വരുന്നില്ല? കറുത്ത വസ്ത്രങ്ങള്‍ ധരിച്ച് എത്തുന്നതും മാലയും എല്ലാം ഗോത്ര ആദിവാസി സമൂഹങ്ങളുടെ ഭാഗമാണ്. ബ്രാഹ്മണിക്കല്‍ സമ്പ്രദായങ്ങളില്‍ ഈ രീതികള്‍ ഇല്ല. അതായത്, ബ്രാഹ്മണ ആധിപത്യത്തെത്തുര്‍ന്ന് ഗോത്ര ആദിവാസി സമുദായത്തെ അവിടെ നിന്നും പടിയിറക്കി എന്ന് ചുരുക്കം. അതോടെ സ്ത്രീയും പുരുഷനും ഒരുമിച്ച് നിന്നിരുന്ന സമ്പ്രദായങ്ങളില്‍ പലതും ഇല്ലാതായി.

തെലങ്കാനയിലെ സമ്മക്ക ആഘോഷങ്ങളില്‍ ആദിവാസി പുരോഹിതന്‍ ആഘോഷ വേളകളില്‍ മദ്യപിക്കുന്ന പതിവ് നില നിന്നിരുന്നു. ഈ രീതികളെ മാറ്റി പകരം ബ്രാഹ്മണ പുരോഹിതന്‍ സ്ഥാനം ഏറ്റെടുത്തതാണ് ഇന്നത്തെ സ്ഥിതി. അതോടെ എല്ലാം വെജിറ്റേറിയനായി. കേരളത്തിലും സമാനമായ സ്ഥിതി വിശേഷങ്ങളാണ് ശബരിമല അടക്കമുള്ള പല ക്ഷേത്രങ്ങള്‍ക്കും പിന്നിലെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

സ്ത്രീ സ്വാതന്ത്രത്തിലും ഒരേ ഇടങ്ങളില്‍ ഒരുമിച്ച് ജോലി ചെയ്യുന്നതിനും സഞ്ചാര സ്വാതന്ത്രത്തിനും ദളിതര്‍ എപ്പോഴും ശ്രദ്ധ പതിപ്പിച്ചിരുന്നപ്പോള്‍ അതിനെ മറികടക്കാന്‍ ശ്രമിച്ചത് വേദങ്ങളുടെ കൂട്ട് പിടിച്ചായിരുന്നു. എന്നാല്‍, ഋഗ്വേദം എഴുതപ്പെടുന്നതിന് 15,000 വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്ന ആളുകള്‍ ഇതിനേക്കാള്‍ സ്ത്രീ സമത്വം അനുഭവിച്ചിരുന്നു എന്നാണ് ചരിത്രം. പുനര്‍ വിവാഹത്തിനെതിരെയും ബ്രാഹ്മണ ചിന്താധാരകള്‍ ഇന്നും പുലര്‍ത്തുന്ന ധാരണകള്‍ തെറ്റാണ് എന്ന് പറയാതെ വയ്യ.

സത്യത്തില്‍, രാജ്യത്തെ ബ്രാഹ്മണിക്കല്‍ ആശയങ്ങളുടെ അതി പ്രസരം ശബരിമല വിഷയത്തോടെ ആഗോള തലത്തില്‍ ചര്‍ച്ചയായിക്കഴിഞ്ഞു.

റിപ്പോര്‍ട്ട്: എ ടി അശ്വതി

Top