ശബരിമല വിഷയം; ബിജെപി നടത്തുന്ന നിരാഹാരസമരം അവസാനിപ്പിക്കുന്നു

തിരുവനന്തപുരം: ശബരിമലവിഷയവുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റ് നടയില്‍ ബിജെപി നടത്തുന്ന നിരാഹാരസമരം അവസാനിപ്പിക്കുന്നു.

സമരം ഈ മാസം 22നാണ് അവസാനിപ്പിക്കുന്നത്. 21ന് എത്തുന്ന അമിത് ഷായുമായി ആലോചിച്ച ശേഷം തുടര്‍സമരം മതിയെന്ന ധാരണയിലാണ് നേതാക്കള്‍.

അതേസമയം, മകരവിളക്കിനും സംക്രമ പൂജയ്ക്കും ഉള്ള ഒരുക്കങ്ങള്‍ സന്നിധാനത്ത് പൂര്‍ത്തിയായി കഴിഞ്ഞു. തിരുവനന്തപുരം കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് കൊണ്ടുവന്ന നെയ്‌ത്തേങ്ങ സംക്രമ പൂജ സമയത്ത് അഭിഷേകം ചെയ്യും.

അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര ഇന്ന് വൈകിട്ട് അഞ്ചര മണിയോടെ ശരംകുത്തിയില്‍ എത്തിച്ചേരും. ദേവസ്വം അധികൃതര്‍ ശരംകുത്തിയില്‍ തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കും.

തുടര്‍ന്ന് ദീപാരാധയ്ക്ക് തൊട്ടു മുന്‍പായി തിരുവാഭരണ പേടകം പതിനെട്ടാം പടി കയറും. തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന സമയത്താണ് പൊന്നമ്പല മേട്ടില്‍ മകരജ്യോതി തെളിയുക. സന്നിധാനത്ത് എട്ട് കേന്ദ്രങ്ങളില്‍ മകരജ്യോതി ദര്‍ശനത്തിന് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

Top