ഒടുവിൽ തരൂരും കടുപ്പിച്ചു, യുവതികൾക്ക് വേറെ അയ്യപ്പക്ഷേത്രങ്ങളുണ്ടെന്ന്

sasi-tharoor

കൊച്ചി: ശബരിമല വിഷയത്തില്‍ വീണ്ടും പ്രതികരണവുമായി ശശി തരൂര്‍ എംപി രംഗത്ത്. ഹൈന്ദവ ധ്രുവീകരണത്തിലൂടെ രാഷ്ട്രീയ ലക്ഷ്യം നേടുന്നതിനാണ് ബിജെപി ശ്രമിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.

ഉത്തരേന്ത്യയില്‍ പരീക്ഷിച്ചു വിജയിച്ച തന്ത്രമാണിതെന്നും 1986 മുതല്‍ ബിജെപി ഇത്തരത്തില്‍ തന്ത്രം മെനയുന്നുണ്ടെന്നും ഒരു മതം മാത്രമുള്ള രാജ്യമല്ല ഇന്ത്യയെന്നും ശബരിമലയിലെ ബിജെപിയുടെ സമര രീതിയോടു തനിക്കു യോജിപ്പില്ലെന്നും ശബരിമലയില്‍ അക്രമം നടത്താനോ നാടക വേദിയാക്കാനോ കോണ്‍ഗ്രസ് തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.

ലിംഗ സമത്വ പ്രശ്‌നമായിട്ടാണ് സുപ്രീംകോടതി ശബരിമല വിഷയത്തെ കണ്ടത്. അതിനാലാണു വിധിയെ കോണ്‍ഗ്രസ് ദേശീയ നേതൃത്വവും രാഹുല്‍ഗാന്ധിയും സ്വാഗതം ചെയ്തത്. എന്നാല്‍, ശബരിമലയില്‍ സമത്വ വിഷയം അല്ല നില നില്‍ക്കുന്നത്. പവിത്രതയുടെയും ആചാരത്തിന്റെയും വിഷയമാണത്. കന്യാകുമാരിയില്‍ പുരുഷന്മാര്‍ കയറാന്‍ പാടില്ലാത്ത ക്ഷേത്രമുണ്ട്. അവിടെ കയറണം എന്നാവശ്യപ്പെട്ട് ആരും കോടതിയില്‍ പോയിട്ടില്ല. അയ്യപ്പനെ തൊഴണമെന്നുള്ളവര്‍ക്കു വേറെയും അയ്യപ്പ ക്ഷേത്രങ്ങളുണ്ട്. ശബരിമലയുടെ പ്രത്യേകത എല്ലാവരും മാനിക്കണം, അദ്ദേഹം വ്യക്തമാക്കി.

ജനാധിപത്യത്തില്‍ മതവിശ്വാസം, ഭരണഘടന, നിയമം, കോടതിവിധി തുടങ്ങി പല കാര്യങ്ങളും ബഹുമാനിക്കേണ്ടതാണ്. ഇക്കാര്യങ്ങളെല്ലാം ഒരുപോലെ തന്നെ കൊണ്ടുപോകുന്നതാണു ജനാധിപത്യം. ശബരിമലയുമായി ബന്ധപ്പെട്ട കോടതിവിധി നടപ്പാക്കാന്‍ ശ്രമിച്ചതു വിശ്വാസികളെ വേദനിപ്പിച്ചു. എന്നാല്‍, അതിന്റെ പേരില്‍ അക്രമം നടത്താന്‍ കോണ്‍ഗ്രസ് തയ്യാറല്ല. ശബരിമല ഒരു പൊലീസ് ക്യാംപായി മാറി. എങ്ങനെയാണ് അവിടെ ശാന്തമായി പ്രാര്‍ഥിക്കാന്‍ കഴിയുന്നത്, അദ്ദേഹം ചോദിച്ചു.

ശബരിമല വിഷയത്തില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസിന്റേത് ശരിയായ നിലപാടാണെന്നും തിടുക്കപ്പെട്ട് കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഇറങ്ങിപ്പുറപ്പെട്ടതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നും ബിജെപിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും ഭാഗത്ത് തെറ്റുണ്ടെന്നും ശബരിമലയെ കലാപഭൂമിയാക്കാനുള്ള ബിജെപി നിലപാട് ശരിയല്ലെന്നും പുനപരിശോധനാ ഹര്‍ജിയില്‍ തീരുമാനം വരുന്നത് വരെ എല്ലാവരും കാത്തിരിക്കണമെന്നും തരൂര്‍ പറഞ്ഞിരുന്നു.

Top