ശബരിമലയുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍

sabarimala

കൊച്ചി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ചതുമായി ബന്ധപ്പട്ട ഹര്‍ജിയാണ് ഇതിലൊന്ന്. ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നാണ് ആവശ്യം.

നിലയ്ക്കലിലും മറ്റും നെയിംപ്ലേറ്റില്ലാതെ പൊലീസുകാരെ നിയോഗിച്ചത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് മറുപടി നല്‍കും. നിലയ്ക്കലില്‍ നിന്ന് പമ്പ വരെ മനീതി സംഘത്തെ പൊലീസ് വാഹനത്തില്‍ കൊണ്ടുപോയത് ചോദ്യം ചെയ്തുളള ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.

അതേസമയം ഹര്‍ത്താല്‍ ദിനത്തില്‍ സംസ്ഥാനത്തുണ്ടായ അക്രമ സംഭവങ്ങളില്‍ ഇതുവരെ 2182 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഹര്‍ത്താലുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ഉച്ചവരെയുള്ള കണക്കനുസരിച്ച് 6711 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ 894 പേര്‍ റിമാന്റിലാണ്. 5817 പേര്‍ക്ക് ജാമ്യം ലഭിച്ചു.

സമൂഹമാധ്യമങ്ങളിലൂടെ മതവിദ്വേഷവും വര്‍ഗീയതയും പരത്തുന്ന പോസ്റ്റുകള്‍ ഇടുകയും പചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കുമെന്ന് ഡിജിപി അറിയിച്ചിട്ടുണ്ട്. സമൂഹത്തില്‍ മതസ്പര്‍ധ വളര്‍ത്തുന്നതിന് നടത്തുന്ന ഇത്തരം ശ്രമങ്ങള്‍ക്കു പിന്നിലുള്ളവരെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top