കോടിക്കണക്കിന് രൂപ കാണിക്ക സ്വത്തുള്ള അയ്യപ്പന് ആഭരണങ്ങള്‍ 16 എണ്ണം മാത്രമോ!

ന്യൂഡല്‍ഹി: ഇത്രയും നേര്‍ച്ചപ്പണവും സംഭാവനകളും ലഭിക്കുന്ന അയ്യപ്പസ്വാമിക്ക് 16 ആഭരണങ്ങള്‍ മാത്രമോയെന്ന് സുപ്രീംകോടതി. തിരുവാഭരണത്തില്‍ എന്തെല്ലാമുണ്ടെന്ന് ചോദിച്ചപ്പോള്‍ 16 ഇനങ്ങളാണെന്നുപറഞ്ഞ് സംസ്ഥാന സര്‍ക്കാരിനുവേണ്ടി അറ്റോര്‍ണി ജനറല്‍ അവയുടെ പേരുകള്‍ വായിക്കുമ്പോഴായിരുന്നു കോടതിയുടെ സംശയം. എന്നാല്‍, അയ്യപ്പന്റെ ആഭരണം ഇതുമാത്രമല്ലെന്നും ഇത് വര്‍ഷത്തിലൊരിക്കല്‍ മാത്രം അണിയിക്കാന്‍ അച്ഛനെന്ന നിലയില്‍ പന്തളം രാജാവ് കൊടുത്തയക്കുന്നതാണെന്നും മുതിര്‍ന്ന അഭിഭാഷകന്‍ കെ. രാധാകൃഷ്ണന്‍ അറിയിച്ചു.

ശബരിമലയിലെ തിരുവാഭരണവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ഹര്‍ജിക്കാരന്റെ ഒപ്പിനെച്ചൊല്ലി തര്‍ക്കമുയര്‍ന്നതിനെ തുടര്‍ന്ന് ഹര്‍ജിക്കാരനായ രേവതിനാള്‍ പി. രാമവര്‍മ രാജയുടെ ഒപ്പും സത്യവാങ്മൂലവും പരിശോധിച്ച് ഉറപ്പുവരുത്താന്‍ പത്തനംതിട്ട ജില്ലാ ജഡ്ജിയെ സുപ്രീംകോടതി ചുമതലപ്പെടുത്തി.

ശബരിമലയില്‍ നടത്തിയ ദേവപ്രശ്‌നം ചോദ്യംചെയ്ത് രാമവര്‍മരാജ 2007-ല്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി പരിശോധിക്കുന്നത്. ഈ ഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് തിരുവാഭരണത്തിന്റെ സുരക്ഷിതത്വം സംബന്ധിച്ചപ്രശ്‌നം കോടതിക്കു മുന്നിലെത്തിയത്.

Top