ശബരിമല വീണ്ടും പ്രതിസന്ധിയില്‍; അപ്പം, അരവണ നിര്‍മ്മാണത്തിനുള്ള ശര്‍ക്കര എത്തിയിട്ടില്ല

സന്നിധാനം: ഇത്തവണ ശബരിമലയില്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയാണ് അനുഭവിക്കുന്നത്. നേരത്തെ ലേലം എടുക്കാന്‍ ആളില്ലാത്തത് ദേവസ്വം ബോര്‍ഡിനെ ആശങ്കയില്‍ ആക്കിയിരുന്നെങ്കില്‍ ഇപ്പോള്‍ ശര്‍ക്കര ക്ഷാമം ആണ് പ്രതിസന്ധി. ഇതോടെ സന്നിധാനത്ത് അപ്പം, അരവണ നിര്‍മ്മാണം താറുമാറായിരിക്കുകയാണ്.

കനത്ത മഴയില്‍ ഉണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ നിന്ന് ശര്‍ക്കര ലോറികള്‍ എത്താന്‍ വൈകിയതാണ് ശര്‍ക്കര ക്ഷാമത്തിനിടയാക്കിയത്. അതേസമയം പ്രതിസന്ധി പരിഹരിക്കാന്‍ നടപടി തുടങ്ങിയതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. 40 ലക്ഷം കിലോ ശര്‍ക്കരയാണ് സന്നിധാനത്ത് ഒരു വര്‍ഷം അപ്പം അരവണ നിര്‍മ്മാണത്തിന് ആവശ്യമുള്ളത്. നിലവില്‍ പത്ത് ലക്ഷത്തിലധികം കിലോയുടെ കുറവുണ്ട്. വിതരണ കരാര്‍ ഏറ്റെടുത്ത ആള്‍ നിശ്ചയിച്ച സമയത്ത് ശര്‍ക്കര എത്തിക്കാത്തതാണ് പ്രതിസന്ധിക്കിടയാക്കിയത്. പ്രളയത്തെ തുടര്‍ന്ന് ശര്‍ക്കര വിപണിയില്‍ എത്തുന്നില്ലെന്നാണ് കരാറുകാരന്റെ വാദം. എന്നാല്‍, സ്റ്റോക്കുള്ള മറ്റൊരു കമ്പനിക്ക് ഓഡര്‍ നല്‍കിയെന്നും പ്രതിസന്ധി ഉണ്ടാകാതെ കാര്യങ്ങള്‍ പരിഹരിക്കുമെന്നും ദേവസ്വം എക്‌സിക്യൂട്ടിവ് ഒഫീസര്‍ വി എസ് രാജേന്ദ്ര പ്രസാദ് അറിയിച്ചു.

ട്രാക്ടറുകള്‍ക്ക് പകല്‍ സമയം 12 മുതല്‍ 3 വരെ മാത്രമേ ലോഡുമായി പോകാന്‍ അനുമതി ഉള്ളൂ എന്നതും ശര്‍ക്കര നീക്കത്തെ ബാധിക്കുന്നുണ്ട്. നിലവില്‍ കരുതല്‍ ശേഖരമുണ്ടെങ്കിലും തീര്‍ത്ഥാടക തിരക്ക് കൂടിയാല്‍ പ്രതിസന്ധി രൂക്ഷമാകുമെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്.

Top