ശബരിമലയിലെ പൊലീസുകാര്‍ക്കുള്ള സൗജന്യ പ്രസാദ വിതരണം ദേവസ്വം ബോര്‍ഡിന് ബാധ്യത

ശബരിമല: ശബരിമലയില്‍ ഡ്യൂട്ടിക്കെത്തിയ പൊലീസുകാര്‍ക്കുള്ള സൗജന്യ പ്രസാദ വിതരണം ദേവസ്വം ബോര്‍ഡിന് ബാധ്യതയാവുന്നു. നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ ജോലിയിലുള്ള 20000 പൊലീസുകാര്‍ക്കാണ് അപ്പവും അരവണയും സൗജന്യമായി നല്‍കേണ്ടത്. ഇത് ദേവസ്വം ബോര്‍ഡിന് 25ലക്ഷത്തിലേറെ രൂപയുടെ ബാധ്യതയുണ്ടാക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

അതേസമയം ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്കില്ല. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. വിധി സര്‍ക്കാരിന് അനുകൂലമാണെന്നാണ് വിലയിരുത്തല്‍. ഹര്‍ജി ഇന്ന് ഫയല്‍ ചെയ്യാനായിരുന്നു തീരുമാനം.

അതേസമയം ശബരിമല വിഷയത്തില്‍ പ്രതിപക്ഷ ബഹളം രൂക്ഷമായതിനെ തുടര്‍ന്ന് നിയമസഭ നിര്‍ത്തിവച്ച് സ്പീക്കര്‍ ഇറങ്ങിപ്പോയി. ഇതിനിടയില്‍ നടുത്തളത്തിലറങ്ങിയ പ്രതിപക്ഷം ബഹളം വച്ചു. ശബരിമല പ്രശ്‌നത്തില്‍ പ്ലക്കാര്‍ഡുകളും ബാനറുകളുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നിലെത്തി.

സ്പീക്കറുടെ ഡയസിലേക്ക് ഐ.സി.ബാലകൃഷ്ണനും അന്‍വര്‍ സാദത്തും കയറാന്‍ ശ്രമിച്ചു. ഹൈബി ഈഡനും കെ.എം.ഷാജിയും ഇവരെ ബലം പ്രയോഗിച്ച് പിന്തിരിപ്പിക്കുകയായിരുന്നു. ഇവിടെ എന്താണ് നടക്കുന്നത്, ഇങ്ങിനെ സഭ നടത്തിക്കൊണ്ടുപോകാന്‍ കഴിയില്ല എന്ന് പറഞ്ഞ് സ്പീക്കര്‍ സഭ നിര്‍ത്തിവെക്കുകയായിരുന്നു.

Top