ശബരിമലയിലെ അപ്പം, അരവണ ചേരുവകള്‍ മാറുന്നു; പ്ലാന്റുകള്‍ക്ക് മാറ്റമില്ല

തിരുവനന്തപുരം: ശബരിമലയിലെ ഉണ്ണിയപ്പത്തിന്റെയും അരവണയുടെയും ചേരുവകളില്‍ മാറ്റം വരുത്താന്‍ തീരുമാനം. അടുത്ത മണ്ഡലകാലം മുതലായിരിക്കും മാറ്റം.

മൈസൂരുവിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സി എഫ് ടി ആര്‍ ഐ(സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്) തയ്യാറാക്കിയ പുതിയ ചേരുവയിലുള്ള പ്രസാദം ദേവസ്വം ബോര്‍ഡ് അംഗീകരിച്ചു.

ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കെ പത്മകുമാര്‍, അംഗം ശങ്കര്‍ദാസ്, കമ്മീഷണര്‍ എന്‍ വാസു എന്നിവര്‍ ഇന്നലെ സി എഫ് ടി ആര്‍ ഐയില്‍ എത്തുകയും ഡയറക്ടറെ കണ്ട് പുതിയ ചേരുവയെ കുറിച്ച് മനസ്സിലാക്കുകയും ചെയ്തു.

പളനിയിലെ പഞ്ചാമൃതക്കൂട്ട് വികസിപ്പിച്ചതും ഇതേ സ്ഥാപനമാണ്. അതേസമയം ചേരുവകളില്‍ മാറ്റം വരുത്തിയാല്‍ അപ്പം, അരവണ പ്ലാന്റുകള്‍ക്കും മാറ്റം വരുത്തേണ്ടി വരുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍ പ്ലാന്റുകള്‍ക്ക് വലിയ മാറ്റം വരുത്താതെ തന്നെ പുതിയ ചേരുവയില്‍പ്പെട്ട പ്രസാദം തയ്യാറാക്കാനാകുമെന്ന് ദേവസ്വം ബോര്‍ഡ് വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്ലാന്റിലെ ജീവനക്കാര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് പരിശീലനവും നല്‍കും.

Top