ശബരിമല വിമാനത്താവളം ; ഗോസ്പല്‍ ഫോര്‍ ഏഷ്യയും സര്‍ക്കാരും രഹസ്യധാരണയോ ?

കൊച്ചി: ശബരിമല വിമാനത്താവളം ചെറുവള്ളി എസ്‌റ്റേറ്റില്‍ നിര്‍മ്മിക്കാനുള്ള തീരുമാനത്തില്‍ ഗോസ്പല്‍ ഫോര്‍ ഏഷ്യയും സര്‍ക്കാരും തമ്മില്‍ രഹസ്യധാരണയുള്ളതായി റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ ഹൈക്കോടതിയിലെത്തിയ കേസിന്റെ വാദത്തിനിടയിലാണ് തോട്ടമുടമകള്‍ ചെറുവള്ളിയില്‍ വിമാനത്താവളം വരുമെന്ന് ബോധിപ്പിച്ചിരിക്കുന്നത്.

കെ.പി യോഹന്നാന്റെ ഗോസ്പല്‍ ഫോര്‍ ഏഷ്യ സമര്‍പ്പിച്ച ഹര്‍ജിയിലെ വാദത്തിനിടയിലാണ് ഇക്കാര്യം അറിയിച്ചത്.

എന്നാല്‍ 2017 ലാണ് വിമാനത്താവളത്തിന് സാധ്യതാ പഠനം നടത്താന്‍ തീരുമാനിച്ചതും റിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ച മന്ത്രിസഭ അംഗീകരിച്ചതും.

കെഎസ്ഇബി ലൈന്‍ വലിക്കുന്നതിനായി എസ്റ്റേറ്റിലെ മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് തോട്ടമുടമകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് മുറിച്ചു മാറ്റപ്പെടുന്ന മരങ്ങള്‍ ലേലം ചെയ്യാനും തുക പൊതുമേഖലാ ബാങ്കില്‍ പ്രത്യേക അക്കൗണ്ടില്‍ നിക്ഷേപിക്കാനും കോടതി ഉത്തരവിടുകയായിരുന്നു.

ശബരിമലയിലേക്കുള്ള തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം ശബരിമല വിമാനത്താവളം എരുമേലി ചെറുവള്ളി എസ്റ്റേറ്റില്‍ സ്ഥാപിക്കും. ബിലിവേഴ്‌സ് ചര്‍ച്ചിന്റെ ഉടമസ്ഥതയിലുള്ളതാണ് എസ്റ്റേറ്റ്.

എരുമേലി ചെറുവള്ളി എസ്റ്റേറ്റില്‍ സ്ഥാപിക്കുന്ന ശബരിമല വിമാനത്താവളത്തിനായി 2263ഏക്കര്‍ ഏറ്റെടുക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഇവിടെ നിന്ന് 48 കിലോമീറ്റര്‍ ദൂരമാണ് ശബരിമലയിലേക്കുള്ളത്.

ഹാരിസണ്‍ കമ്പനി ബിലിവേഴ്‌സ് ചര്‍ച്ചിന് മറിച്ചു വിറ്റതാണ് എസ്റ്റേറ്റ്. സര്‍ക്കാര്‍ നിശ്ചയിച്ച നാലംഗ സമിതിയുടെ ശുപാര്‍ശ അനുസരിച്ചായിരുന്നു തീരുമാനം.

Top