ശബരിമല വിഷയം അഭിഭാഷകന്‍ ആര്യാമ സുന്ദരം ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരാകില്ല

sabarimala

ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ ആര്യാമ സുന്ദരം ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരാകില്ല. ഹാജരാകാനുള്ള ബുദ്ധിമുട്ട് ആര്യാമ സുന്ദരം ബോര്‍ഡിനെ അറിയിച്ചതായാണ് വിവരം. നേരത്തെ ആര്യമാ സുന്ദരം എന്‍എസ്എസിന് വേണ്ടി ഹാജരായിരുന്നു.

ശബരിമല സ്ത്രീപ്രവേശ വിധിയുമായി ബന്ധപ്പെട്ടു ദേവസ്വം ബോര്‍ഡിനു വേണ്ടി ആര്യാമ സുന്ദരം ഹാജരാകുമെന്ന് പ്രസിഡന്റ് എ. പത്മകുമാര്‍ ആണ് അറിയിച്ചിരുന്നത്. വിധിയുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികള്‍ 13നു പരിഗണിക്കുമ്പോള്‍ ആര്യാമ സുന്ദരം ഹാജരായി ദേവസ്വം ബോര്‍ഡിന്റെ നിലപാട് അറിയിക്കുമെന്നായിരുന്നു പറഞ്ഞത്. ആര്യാമ സുന്ദരവുമായി ചര്‍ച്ച നടത്താനും ആവശ്യമായ വിവരങ്ങള്‍ കൈമാറാനും ദേവസ്വം കമ്മിഷണര്‍ എന്‍.വാസുവിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പത്മകുമാര്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. നിലവില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഇല്ലല്ലോയെന്നാണ് കോടതി ചോദിച്ചത്. പുതിയ നിയന്ത്രണം ഉണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ശബരിമലയില്‍ ചിത്തിര ആട്ടവിശേഷത്തോട് അനുബന്ധിച്ച പൂജാ ഒരുക്കങ്ങളോ സുരക്ഷാ സംവിധാനങ്ങളോ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങളെ അനുവദിച്ചില്ല എന്നാണ് ആരോപണം. ഈ ദിവസങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിലയ്ക്കല്‍ കടന്നു പോകുന്നതിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു.

സംഭവം വിവാദമായതോടെ മാധ്യമ വിലക്കില്ലെന്നുള്ള ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ വാര്‍ത്താക്കുറിപ്പും എത്തിയിരുന്നു. സുരക്ഷ ക്രമീകരിച്ച ശേഷം പമ്പയിലേക്കു മാധ്യമങ്ങളെ കടത്തിവിടുമെന്നുമായിരുന്നു ലോക്‌നാഥ് ബെഹ്‌റ വിശദീകരിച്ചത്.

Top