ശബരിമല ദര്‍ശനത്തിനായി ആന്ധ്രയില്‍ നിന്നും നാല് യുവതികള്‍ എരുമേലിയിലേക്ക്

sabarimala

കോട്ടയം: ശബരിമല ദര്‍ശനത്തിനായി ആന്ധ്രയില്‍ നിന്നും നാല് യുവതികള്‍ കോട്ടയം റെയില്‍വേ സ്‌റ്റേഷനിലെത്തി. ആന്ധ്രാ സ്വദേശിനികളയ ഇവര്‍ കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് എരുമേലിയിലേക്ക് പോയി. ഇവിടെ നിന്ന് പമ്പയിലെത്താനാണ് ഇവരുടെ ശ്രമം. ശബരിമലയിലേക്കു പോകണമെന്നാവശ്യപ്പെട്ടെത്തിയ ഇവരില്‍ മൂന്നു പേര്‍ക്ക് ഇരുമുടിക്കെട്ടുണ്ട്.

അതേസമയം ശബരിമല നിരീക്ഷണ സമിതി ഇന്ന് സന്നിധാനത്തെത്തി മകരവിളക്കിനോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയിട്ടുള്ള സൗകര്യങ്ങളും സുരക്ഷാ സന്നാഹങ്ങളും വിലയിരുത്തും. ജസ്റ്റിസ് സിരിജഗന്‍, ജസ്റ്റിസ് പിആര്‍ രാമന്‍. ഡിജിപി ഹേമചന്ദ്രന്‍ എന്നിവരാണ് സൗകര്യങ്ങള്‍ വിലയിരുത്തുക.

വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി ഒരു അവലോകന യോഗവും സന്നിധാനത്ത് വിളിച്ചേക്കുമാന്നാണ് സൂചന. ഇതിനിടയിലും തീര്‍ത്ഥാടകരുടെ വരവിലുണ്ടായ കുറവ് മാറ്റമില്ലാതെ തുടരുകയാണ്.

ശബരിമല മകരവിളക്കിനോടനുബന്ധിച്ചുള്ള എരുമേലി പേട്ടതുള്ളല്‍ ഇന്ന് നടക്കും. രാവിലെ അമ്പലപ്പുഴ സംഘവും ഉച്ചക്ക് ശേഷം ആലങ്ങാട് സംഘവും പേട്ട തുള്ളും. ചെറിയമ്പലത്തിന് മുകളില്‍ ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ട് പറക്കുന്നതോടെയാണ് അമ്പലപ്പുഴ സംഘത്തിന്റ പേട്ട തുള്ളല്‍ തുടങ്ങുന്നത്.

എരുമേലി ചെറിയമ്പലത്തില്‍ നിന്നാണ് പേട്ടതുള്ളല്‍ തുടങ്ങുന്നത്. എതിര്‍വശത്തെ വാവര് പള്ളിയില്‍ വലം വച്ച് പേട്ടതുള്ളല്‍ വലിയമ്പലത്തില്‍ എത്തുന്നതോടെ ചടങ്ങുകള്‍ സമാപിക്കും.

സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍നായരുടെ നേതൃത്വത്തില്‍ ചെറിയമ്പലത്തില്‍ നിന്ന് വാവര്‍ പള്ളിയിലേക്ക് പ്രവേശിക്കുന്ന സംഘത്തെ ജമാത്ത് ഭാരവാഹികള്‍ സ്വീകരിക്കും.

പേട്ട തുള്ളലിന് മുന്നോടിയായി ഇന്നലെ ചന്ദനകുടവും നടന്നിരുന്നു. സ്ത്രീപ്രവേശന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഇത്തവണ എരുമേലിയില്‍ ഒരുക്കിയിരിക്കുന്നത്.

Top