ഭക്ത ജനങ്ങള്‍ക്ക് ദര്‍ശന പുണ്യമേകി പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു

ശബരിമല: ഭക്തലക്ഷങ്ങള്‍ക്ക് ദര്‍ശന പുണ്യമേകി പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. 6.50 നായിരുന്നു ശ്രീകോവിലില്‍ ദീപാരാധന നടന്നത്. ഈ സമയത്ത് പൊന്നമ്പലമേട്ടില്‍ വിളക്ക് തെളിഞ്ഞു. ഇതോടൊപ്പം ആകാശത്ത് മകരജ്യോതി മിന്നിമറഞ്ഞു.

ഭക്തജനലക്ഷങ്ങളാണ് സന്നിധാനത്തും പരിസരങ്ങളിലും മകരവിളക്ക് ദര്‍ശനത്തിന് എത്തിയിരുന്നത്. പമ്പ, സന്നിധാനം, പാണ്ടിത്താവളം തുടങ്ങി വിവിധയിടങ്ങളില്‍ മകരജ്യോതി ദര്‍ശിക്കുന്നതിനായി പതിനായിരങ്ങളാണ് തടിച്ചുകൂടിയത്.

ഭക്തജന പ്രവാഹം കണക്കിലെടുത്ത് ഇന്ന് രാവിലെ 11 മുതല്‍ തന്നെ പമ്പയില്‍ നിന്ന് തീര്‍ഥാടകരെ മല കയറുന്നതില്‍ നിന്ന് നിയന്ത്രിച്ചിരുന്നു.

മകരജ്യോതി ദര്‍ശനത്തിനു ശേഷം സന്നിധാനം, മാളികപ്പുറം തുടങ്ങിയ സ്ഥലങ്ങളില്‍ തങ്ങിയിരിക്കുന്ന തീര്‍ഥാടകര്‍ എത്രയും വേഗം മടങ്ങണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പമ്പയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് തിരികെ മടങ്ങുന്നതിനായി 60ലേറെ പ്രത്യേക സര്‍വീസുകളാണ് കെഎസ്ആര്‍ടിസി ഏര്‍പ്പെടുത്തിയിട്ടുള്ളത്.

Top