ബാലു ചേട്ടനെന്ന ‘അവതാര’ത്തിന് ഞാന്‍ എങ്ങനെ പകരക്കാരനാകും: ശബരീഷ് പ്രഭാകര്‍

കൊച്ചി: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കര്‍ വിടവാങ്ങിയത് ഇന്നും മലയാളികള്‍ക്ക് വിശ്വിക്കാന്‍ കഴിയാത്ത കാര്യമാണ്. ഇതിനിടെ ബാലഭാസ്‌കറിന്റെ ചിതയിലെ കനലെരിയുന്നതിന് മുന്‍പ് ബാലഭാസ്‌കര്‍ ഏറ്റെടുത്ത സംഗീത നിശ ഏറ്റെടുത്ത ശബരീഷ് പ്രഭാകറിനെതിരെ രൂക്ഷവിമര്‍ശനങ്ങളും വിവാദ പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഒക്ടോബര്‍ ഏഴിന് ബംഗളൂരുവില്‍ നടക്കേണ്ടിയിരുന്ന പരിപാടി ശബരീഷ് ഏറ്റെടുത്തതാണ് ആരാധകരെ പ്രകോപിപ്പിച്ചത്. ജീവിതം ഇത്രയേ ഉള്ളു, പകരക്കാരന്‍ എത്തി എന്നുമുള്ള രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് വിശദീകരണം നല്‍കുകയാണ് ശബരീഷ് പ്രഭാകര്‍. ഫേസ്ബുക്ക് ലൈവിലൂടെയാണ് ശബരീഷ് വിശദീകരണം നല്‍കുന്നത്.

ഞാന്‍ പകരമാവുമോ? ഒരിക്കലും ഞാന്‍ ബാലുച്ചേട്ടന് പകരമാവില്ല. അദ്ദേഹം ഒരു അവതാരമാണ്. വെറുമൊരു കര്‍ണാടക സംഗീതജ്ഞനായിരുന്ന എനിക്ക് വയലിനില്‍ അപാരമായ സാധ്യതകള്‍ ഉണ്ടെന്ന് വ്യക്തമാക്കി തന്നത് ബാലു ചേട്ടനാണ്. അദ്ദേഹം എനിക്ക് സഹോദരന്‍ ആണ്. ഈ സംഗീത നിശ ഞാന്‍ ഏറ്റെടുത്തത് ബാലുച്ചേട്ടന്‍ മരിച്ചതിന് ശേഷമല്ല. അദ്ദേഹത്തിന് അപകടം സംഭവിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളും ഏറെ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് പരിപാടി ഏറ്റെടുക്കുന്നത്. നമ്മുടെ കുടുംബത്തില്‍ ഒരാള്‍ക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടായാല്‍ നമ്മള്‍ സഹായിക്കില്ലേയെന്നും ശബരീഷ് പ്രഭാകര്‍ ചോദിക്കുന്നു.

sabareesh

കാശിന് വേണ്ടിയാണ് ആ പരിപാടി ഏറ്റെടുത്തതെന്നാണ് വിമര്‍ശിക്കുന്നവര്‍ ആരോപിക്കുന്നത്. എന്നാല്‍ ആ പരിപാടി ബാലുചേട്ടന്‍ ഏറ്റെടുത്തത് പ്രതിഫലം വാങ്ങാതെ ആയിരുന്നു. എന്നാല്‍ കേരളത്തിലെയും കുടകിലെയും പ്രളയക്കെടുതി അതിജീവിക്കാന്‍ പണം സമാഹരിക്കാന്‍ വേണ്ടി നടത്തുന്ന പരിപാടിയാണ് അത്. വൈകാരികമായി പ്രതികരിക്കുന്നവര്‍ അത് മനസിലാക്കുന്നില്ല. നിരവധി സ്‌പോണ്‍സര്‍മാര്‍ വന്ന പരിപാടിയാണ് അത്. ടിക്കറ്റുകളും വിട്ടുപോയിരുന്നു. പരിപാടി നടത്താന്‍ സാധിക്കാതെ ഒരു വിഷമ സന്ധിയിലായിരുന്നു അവര്‍ എന്നെ സമീപിച്ചത്.

ഒരിക്കലും പകരക്കാരനെന്ന് വിളിച്ച് തന്നെ ക്രൂശിക്കരുതെന്നും ശബരീഷ് പറയുന്നു. ‘ഞാനൊരു സാധാരണ കലാകാരനാണ്, ആരെയും കുറ്റപ്പെടുത്താനല്ല ലൈവില്‍ വന്നതെന്നും വിഷമം കൊണ്ടാണെന്നും’ ശബരീഷ് കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന് വേണ്ടിയുള്ള ഒരു കാണിക്കയായിരിക്കും ബാംഗ്ലൂരില്‍ ഒക്ടോബര്‍ 7ന് നടക്കുന്ന പരിപാടിയെന്നും ശബരീഷ് വ്യക്തമാക്കി.

Top