ടി20; ഇന്ത്യന്‍ സ്‌ക്വാഡ് പ്രവചിച്ച് മുന്‍താരം സബാ കരീം

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ് പ്രവചിച്ച് മുന്‍ വിക്കറ്റ് കീപ്പര്‍ സബാ കരീം. ലങ്കന്‍ പര്യടനത്തില്‍ ടീമിനെ നയിച്ച ഓപ്പണര്‍ ശിഖര്‍ ധവാനെയും സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലിനെയും ഒഴിവാക്കിയാണ് സബ ടീമിനെ അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് വിക്കറ്റ് കീപ്പര്‍മാരെ സ്‌ക്വാഡില്‍ മുന്‍താരം ഉള്‍പ്പെടുത്തിയപ്പോള്‍ മലയാളി സഞ്ജു സാംസണ് ഇടംപിടിക്കാനായില്ല. അതേസമയം പരിക്കില്‍ നിന്ന് മടങ്ങിയെത്തുന്ന പേസര്‍ ടി നടരാജന് ടീമില്‍ സ്ഥാനമുണ്ട്.

‘ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കായി സെലക്ടര്‍മാര്‍ തെരഞ്ഞെടുത്ത പതിനേഴോളം താരങ്ങളുണ്ട്. അവിടെ നിന്ന് എന്റെ ടീമിനെ തീരുമാനിച്ചു തുടങ്ങാം. ഇംഗ്ലണ്ടിലായതിനാല്‍ ലങ്കക്കെതിരായ പരിമിത ഓവര്‍ ക്രിക്കറ്റ് പര്യടനത്തില്‍ അവസരം ലഭിക്കാതിരുന്ന താരങ്ങളെ ഒഴിവാക്കാനാവില്ല. ടീം സന്തുലിതമാകേണ്ടതുണ്ട്. അതിനാല്‍ വാഷിംഗ്ടണ്‍ സുന്ദറിനെ എന്റെ ടീമില്‍ ഉള്‍പ്പെടുത്തുന്നു. യുഎഇയിലാണ് ലോകകപ്പ് നടക്കുന്നത് എന്നതിനാല്‍ ഓഫ് സ്പിന്നര്‍ ടീമില്‍ വേണം. അദേഹമൊരു ഓള്‍റൗണ്ടര്‍ കൂടിയാണ്. വാഷിംഗ്ടണിനൊപ്പം സ്പിന്നറായി രാഹുല്‍ ചഹാറിനെയും ഉള്‍പ്പെടുത്തുന്നു. കാരണം രാഹുല്‍ ഒരു അറ്റാക്കിംഗ് ബൗളറാണ്, വിക്കറ്റ് വേട്ടക്കാരനാണ്, മാച്ച് വിന്നറാണ്.

ഫോമിലേക്ക് തിരിച്ചെത്തുന്ന പേസര്‍ ഭുവനേശ്വര്‍ കുമാറിനെയും ഉള്‍ക്കൊള്ളിക്കുന്നു. ഭുവി ഇന്ത്യന്‍ ടീമിലെ അഭിഭാജ്യ ഘടകമായിരിക്കും. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെച്ച ബാറ്റ്‌സ്മാന്‍ ശ്രേയസ് അയ്യരും ടീമിലുണ്ട്. ഇത്തവണ ഐപിഎല്ലില്‍ കളിക്കാനായില്ലെങ്കിലും കഴിഞ്ഞ പ്രാവശ്യം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇക്കാരണങ്ങളാണ് ശ്രേയസിനെ തെരഞ്ഞെടുത്തതിന് പിന്നില്‍’ എന്നും സബാ കരീം പറഞ്ഞു.

 

 

Top