ദക്ഷിണാഫ്രിക്കന്‍ ടി20: ഡര്‍ബന്‍ സൂപ്പര്‍ ജയന്റ്സിനെ വീഴ്‌ത്തി ജൊബര്‍ഗ് സൂപ്പര്‍ കിംഗ്‌സ്

ഡർബൻ: ദക്ഷിണാഫ്രിക്കൻ ട്വന്റി 20 ലീഗിൽ ഡർബൻ സൂപ്പർ ജയന്റ്സിനെതിരെ ജൊബർഗ് സൂപ്പർ കിംഗ്‌സിന് 16 റൺസിന്റെ വിജയം. ജൊബർഗ് ടീം മുന്നോട്ടുവെച്ച 191 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡർബൻ ടീമിന് 20 ഓവറിൽ അഞ്ച് വിക്കറ്റിന് 174 റൺസെടുക്കാനേയായുള്ളൂ. വെടിക്കെട്ട് ബാറ്റിംഗും ഒരു വിക്കറ്റുമായി ഡൊണാവൻ ഫെറീരയാണ് കളിയിലെ താരം. സ്‌കോർ: ജൊബർഗ് സൂപ്പർ കിംഗ്‌‌സ്- 190/6 (20), ഡർബൻ ജയൻറ്‌സ്- 174/5 (20)

ആദ്യം ബാറ്റ് ചെയ്ത ജൊബർഗ് സൂപ്പർ കിംഗ്‌സ് 20 ഓവറിൽ ആറ് വിക്കറ്റിന് 190 റൺസെടുത്തു. 40 പന്തിൽ 82 റൺസെടുത്ത ഡൊണാവൻ ഫെറീരയും 20 പന്തിൽ 40 നേടിയ റൊമാരിയ ഷെഫേർഡും 33 പന്തിൽ 39 റൺസെടുത്ത നായകൻ ഫാഫ് ഡുപ്ലസിസുമാണ് ജൊബർഗിന് മികച്ച സ്കോർ ഉറപ്പിച്ചത്. പ്രണേലൻ സുബ്രായൻ രണ്ടും കേശവ് മഹാരാജും ഡ്വൊയ്‌ൻ പ്രിറ്റോറിയസും അഖില ധനഞ്ജയയും ജേസൻ ഹോൾഡറും ഓരോ വിക്കറ്റ് നേടി. കീമോ പോളിനും കെയ്‌ൽ മെയേർസിനും വിക്കറ്റൊന്നും നേടാനായില്ല.

മറുപടി ബാറ്റിംഗിൽ അഞ്ച് വിക്കറ്റേ നഷ്‌ടമായുള്ളൂവെങ്കിലും ഡർബൻ സൂപ്പർ ജയൻറ്‌സിന് 20 ഓവറിൽ 174 റൺസേ കണ്ടെത്താനായുള്ളൂ. 52 പന്തിൽ അഞ്ച് വീതം ഫോറും സിക്‌സറും സഹിതം 78 റൺസെടുത്ത നായകനും വിക്കറ്റ് കീപ്പറുമായ ക്വിൻറൺ ഡികോക്കിന്റെ പോരാട്ടം പാഴായി. കെയ്‌ൽ മെയേഴ്‌സ് 29 പന്തിൽ 39 നേടിയത് ഒഴിച്ചാൽ കാര്യമായ സംഭവം ബാറ്റർമാരിൽ നിന്നുണ്ടായില്ല. 20 റൺസെടുത്ത ഹെൻ‌റിച്ച് ക്ലാസനാണ് മൂന്നാമത്തെ ഉയർന്ന സ്കോറുകാരൻ. അൽസാരി ജോസഫ് രണ്ട് വിക്കറ്റ് നേടി.

Top