അമേരിക്ക ഭയപ്പെടുന്ന ആ ‘ആയുധം’ റഷ്യക്ക് ശക്തമായ സുരക്ഷാ കവചം !

മേരിക്കയും അവരുടെ സഖ്യകക്ഷിയുമായ നാറ്റോയും റഷ്യയെ ഭയപ്പെടുന്നതില്‍ എസ് 400 ട്രയംഫിനുള്ള പങ്ക് വളരെ വലുതാണ്. ലോകത്തിലെ ഏറ്റവും നൂതനവും ശക്തവുമായ വ്യോമപ്രതിരോധ സംവിധാനങ്ങളിലൊന്നാണ്, എസ്400 ട്രയംഫ്. ഡ്രോണുകള്‍, മിസൈലുകള്‍, റോക്കറ്റുകള്‍, യുദ്ധവിമാനങ്ങള്‍ എന്നിവയുള്‍പ്പെടെ, മിക്കവാറും എല്ലാത്തരം വ്യോമാക്രമണങ്ങളില്‍ നിന്നും സംരക്ഷണമൊരുക്കാനുള്ള കഴിവ് ഈ സംവിധാനത്തിനുണ്ട്. അതായത് അമേരിക്ക ഏറ്റവും ശക്തമായ മിസൈല്‍ പ്രയോഗിച്ചാലും അത് ആകാശത്തു വച്ചു തന്നെ ചാരമാക്കപ്പെടുമെന്ന് വ്യക്തം. ഇത്തരം അനവധി പ്രതിരോധ സംവിധാനങ്ങളാണ് റഷ്യ ആ രാജ്യത്തിന് ചുറ്റം വിന്യസിച്ചിരിക്കുന്നത്. ഈ സംവിധാനം മറികടന്ന് റഷ്യയില്‍ ആക്രമണം നടത്തുക എന്നത്, അമേരിക്കന്‍ സൈന്യത്തെ സംബന്ധിച്ച് സാഹസികമായ കാര്യമാണ്.

യുക്രെയിന്‍ വിഷയത്തില്‍ സൈനികമായി ഇടപെടുക വഴി ഒരു യുദ്ധം റഷ്യയുമായി ക്ഷണിച്ചു വരുത്തിയാല്‍, അത് ലോക മഹായുദ്ധമാകുമെന്നത് മാത്രമല്ല, ആ യുദ്ധത്തില്‍ വലിയ തിരിച്ചടി അമേരിക്കക്ക് ഏറ്റു വാങ്ങേണ്ടി വരുമെന്നതും, ആ രാജ്യം ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്. റഷ്യക്ക് മിസൈലുകളെയും യുദ്ധ വിമാനങ്ങളെയും പ്രതിരോധിക്കുന്നതിന് എസ് 400 ട്രയംഫ് ഉള്ളപ്പോള്‍, ഈ രംഗത്തെ അമേരിക്കയുടെ സംഭാവനയില്‍, അവരുടെ സഖ്യകക്ഷികളില്‍ തന്നെ പരക്കെ ആശങ്കയുണ്ട്.

ഇറാഖിലെ അമേരിക്കന്‍ എംബസിയിലേക്ക് ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തെ പോലും തടയാന്‍ കഴിയാതിരുന്ന സംവിധാനമാണിത്. എന്തിനേറെ ഹൂതി വിമതര്‍ സൗദിയിലേക്ക് നടത്തിയ ആക്രമണം തടുക്കുന്നതിലും പലവട്ടമാണ് അമേരിക്കന്‍ പ്രതിരോധ സംവിധാനം പരാജയപ്പെട്ടിരിക്കുന്നത്. സ്വന്തം പ്രതിരോധത്തില്‍ ഉറപ്പില്ലാത്തത് കൊണ്ടു കൂടിയാണ്, ഉത്തര കൊറിയന്‍ ഏകാധിപതി കിംങ്ങ് ജോങ്ങ് ഉന്‍ ഭീഷണിപ്പെടുത്തുമ്പോള്‍ അമേരിക്ക ഭയപ്പെടുന്നത്. ഉത്തര കൊറിയന്‍ മിസൈലിന് അമേരിക്കയില്‍ എത്താനുള്ള ശേഷി ഉണ്ടെന്ന് തിരിച്ചറിഞ്ഞ അന്നു തുടങ്ങിയ ചങ്കിടിപ്പാണിത്. എത്ര ആധുനിക ആയുധങ്ങള്‍ ഉണ്ടായാലും, ഒരു ആണവ മിസൈലിന് ലക്ഷ്യം കണ്ടെത്താന്‍ കഴിഞ്ഞാല്‍, അതോടെ തീരുന്നത് ആക്രമിക്കപ്പെടുന്ന രാജ്യം തന്നെയാകും.

ഉത്തര കൊറിയക്ക് അമേരിക്കയിലേക്ക് മിസൈല്‍ അയക്കാന്‍ കഴിയുന്നതു പോലെ, നിമിഷ നേരം കൊണ്ട് ഉത്തര കൊറിയയെ ചാരമാക്കാന്‍ അമേരിക്കക്കും കഴിയും. എന്നാല്‍, ഇതേ മാതൃക റഷ്യയില്‍ നടപ്പില്ല. അവിടെയാണ് എസ് 400 ട്രയംഫ് ശ്രദ്ധേയമാകുന്നത് ഒരു പ്രത്യേക പ്രദേശത്ത് കവചമായി പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിച്ചുള്ള ഈ സംവിധാനം ദീര്‍ഘദൂര ഉപരിതലവ്യോമ മിസൈല്‍ സംവിധാനമാണ്.

റഷ്യയുടെ അല്‍മാസ് സെന്‍ട്രല്‍ ഡിസൈന്‍ ബ്യൂറോ വികസിപ്പിച്ചെടുത്ത എസ്എ21 ഗ്രൗളര്‍ എന്ന് നാറ്റോ തന്നെ നാമകരണം ചെയ്ത എസ്400 നു, നുഴഞ്ഞുകയറുന്ന വിമാനങ്ങള്‍, ആളില്ലാ വിമാനങ്ങള്‍, ക്രൂയിസ് മിസൈലുകള്‍, ബാലിസ്റ്റിക് മിസൈലുകള്‍ എന്നിവയെ നേരിടാന്‍ കഴിയുമെന്നാണ് അമേരിക്കന്‍ എയര്‍ഫോഴ്‌സിന്റെ ജേണല്‍ ഫോര്‍ ഇന്‍ഡോപസഫിക് കമാന്‍ഡിന്റെ ലേഖനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

രണ്ട് ബാറ്ററി, കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റം, നിരീക്ഷണ റഡാര്‍, എന്‍ഗേജ്‌മെന്റ് റഡാര്‍, നാല് ലോഞ്ച് ട്രക്കുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഓരാ എസ്400 യൂണിറ്റും. റഷ്യ 1993 മുതലാണ് എസ്400 വികസിപ്പിച്ചു തുടങ്ങിയത്. 1999-2000ല്‍ പരീക്ഷണം ആരംഭിക്കുകയും 2007ല്‍ വ്യാപകമായി വിന്യസിക്കുകയും ചെയ്തു.

എസ്-400 സംവിധാനത്തില്‍ നാല് തരം മിസൈലുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഹ്രസ്വ ദൂരം 40 കിലോ മീറ്റര്‍ വരെ, ഇടത്തരം ദൂരം120 കി മീ വരെ; ദീര്‍ഘദൂര 48 എന്‍6250 കി മീ വരെ, വളരെ ദീര്‍ഘദൂരം 40 എന്‍6ഇ400 കി.മീ വരെ എന്നിവയാണവ. 180 കി മീ ഉയരത്തില്‍ വരെ പറക്കാനും ഇതിനു കഴിയും. 600 കിലോമീറ്റര്‍ പരിധിയില്‍ 160 വസ്തുക്കള്‍ വരെ ട്രാക്ക് ചെയ്യാനും 400 കിലോമീറ്റര്‍ പരിധിയില്‍ 72 വസ്തുക്കളെ ലക്ഷ്യമിടാനും എസ്400 നു കഴിയുമെന്നതാണ് വിവിധ പഠനങ്ങളും വ്യക്തമാക്കുന്നത്. എന്നാല്‍, പ്രമുഖ ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടുന്നത്, കേട്ടതിലും അപ്പുറമായിരിക്കും എസ് 400 ട്രയംഫിന്റെ ശേഷി എന്നതാണ്. ഇതിന്റെ അപ്‌ഡേഷന്‍ റഷ്യ നടത്തിയിട്ടുണ്ടെന്നും, അതിന്റെ പ്രഹര ശേഷി സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിലും അപ്പുറമാണെന്നുമാണ് ഇവരുടെ വാദം.

സംരക്ഷിക്കേണ്ട പ്രദേശത്തെ സമീപിക്കുന്ന ആകാശ ഭീഷണിയെ എസ്400 കണ്ടെത്തുകയും തുടര്‍ന്ന് ഭീഷണിയുടെ സഞ്ചാരപാത കണക്കാക്കി അതിനെ നേരിടാന്‍ മിസൈലുകള്‍ വിക്ഷേപിക്കുകയുമാണ് ചെയ്യുക. കമാന്‍ഡ് വെഹിക്കിളിലേക്ക് വിവരങ്ങള്‍ അയയ്ക്കുന്ന ദീര്‍ഘദൂര നിരീക്ഷണ റഡാറുകള്‍ എസ്400ല്‍ ഉണ്ട്. ലക്ഷ്യം തിരിച്ചറിയുമ്പോള്‍, കമാന്‍ഡ് വാഹനം മിസൈല്‍ വിക്ഷേപണത്തിനു നിര്‍ദേശം നല്‍കുകയാണ് ചെയ്യുക.

ലോകത്തെ ഈ കരുത്തുറ്റ പ്രതിരോധ സംവിധാനം മോഹിക്കാത്ത രാജ്യങ്ങളില്ല. അമേരിക്കന്‍ വിലക്ക് മറികടന്നാണ് ഇന്ത്യ എസ് 400 ട്രയംഫ് സ്വന്തമാക്കിയിരിക്കുന്നത്.

അതേസമയം, യുക്രൈനിലെ റഷ്യന്‍ ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് 1300 യുക്രൈന്‍ സൈനികരാണെന്ന് വ്യക്തമാക്കി യുക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കി രംഗത്തു വന്നിട്ടുണ്ട്. ഫെബ്രുവരി മാസം അവസാനം റഷ്യ യുക്രൈനിലേക്ക് ആക്രമണം ആരംഭിച്ച ശേഷം ഇതാദ്യമായാണ് യുക്രൈന്‍ സ്വന്തം ഭാഗത്തെ സൈനിക നാശം സംബന്ധിച്ച കണക്കുകള്‍ പുറത്തു വിട്ടിരിക്കുന്നത്. കൊല്ലപ്പെട്ട റഷ്യന്‍ സൈനികരുടെ എണ്ണം 12,000ലധികം ആണെന്ന വിചിത്ര അവകാശവാദവും യുക്രൈന്‍ ഉന്നയിച്ചിട്ടുണ്ട്. ഈ കണക്കുകളാകട്ടെ യഥാര്‍ത്ഥത്തില്‍ പൊരുത്തപ്പെടുന്നതുമല്ല. യുക്രെയിന്‍ കെട്ടി ചമ്മച്ച കണക്കുകളായാണ് നയതന്ത്ര വിദഗ്ദരും ഈ കണക്കുകളെ വിലയിരുത്തുന്നത്. യുക്രെയിന്‍ പൂര്‍ണ്ണമായും പിടിച്ചെടുക്കുന്നതോടെ, ആ രാജ്യത്തെ സൈനികരില്‍ ഭൂരിപക്ഷത്തെയും റഷ്യന്‍ സേന കൊന്നൊടുക്കാനുള്ള സാധ്യതയും അവര്‍ പ്രകടിപ്പിച്ചിട്ടുണ്ട്.

ഇതിനിടെ, യുക്രെയിനിലെ മരിയുപോള്‍ നഗരം റഷ്യന്‍ സൈന്യം വളഞ്ഞിരിക്കുകയാണെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

നഗരത്തിലെ സ്ഥിതിഗതികള്‍ മോശമാണെന്നും യുക്രൈനും പ്രതികരിച്ചു കഴിഞ്ഞു. റഷ്യ സിവിലിയന്മാരെ ലക്ഷ്യം വെക്കുകയാണെന്നാണ് യുക്രൈന്‍ ആരോപിക്കുന്നത്. റഷ്യന്‍ സൈന്യം യുക്രൈന്‍ തലസ്ഥാനമായ കീവിന് സമീപത്തെത്തിയെന്ന വാര്‍ത്തകളും ഇപ്പോള്‍ പുറത്തുവന്നു കഴിഞ്ഞു. കീവ് പ്രദേശത്തെ വാസില്‍കീവിലെ എയര്‍ബേസിന് നേരെയും റഷ്യ റോക്കറ്റാക്രമണം നടത്തിയിട്ടുണ്ട്. എല്ലാ ഭാഗത്തു നിന്നും റഷ്യന്‍ സേന ഇരച്ചു കയറിയതിനാല്‍, ഇനി ഏത് നിമിഷവും കീവും വീഴും. അതും ഉറപ്പായിട്ടുണ്ട്.

Top