ആജീവനാന്ത വിലക്ക് നീങ്ങുന്നു; കളിക്കളത്തിലേക്ക് മടങ്ങിവരാന്‍ ഒരുങ്ങി ശ്രീശാന്ത്

കൊച്ചി: വീണ്ടും ഇന്ത്യന്‍ ടീമിനായി കളിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് മലയാളി താരം എസ്. ശ്രീശാന്ത്. ഐപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് ലഭിച്ച വിലക്കു കാലാവധി ഈ മാസം സെപ്റ്റംബറിലാണ് അവസാനിക്കുക.
37ാം വയസ്സിലും സ്ഥിരതയോടെ കളിക്കുന്ന ഇംഗ്ലിഷ് പേസ് ബോളര്‍ ജിമ്മി ആന്‍ഡേഴ്‌സനാണ് തന്റെ മാതൃകയെന്നും ശ്രീശാന്ത് വെളിപ്പെടുത്തി. അവസാന ശ്വാസം വരെ പ്രതീക്ഷ കൈവിടരുതെന്ന് അച്ഛന്റെ ഉപദേശമാണ് തന്റെ വഴികാട്ടിയെന്നും ഒരു അഭിമുഖത്തില്‍ ശ്രീശാന്ത് പറഞ്ഞു.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ എല്ലാവരും സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് സുരക്ഷിതരായിരിക്കാനും ശ്രീശാന്ത് ആവശ്യപ്പെട്ടു.2013ലെ ഐപിഎല്‍ വാതുവയ്പിന്റെ പശ്ചാത്തലത്തില്‍ ശ്രീശാന്തിന് ബിസിസിഐ ആജീവനാന്ത വിലക്കാണ് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, പിന്നീട് സുപ്രീംകോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ബിസിസിഐ ഓംബുഡ്‌സ്മാന്‍ വിലക്ക് ഏഴു വര്‍ഷമായി കുറയ്ക്കുകയായിരുന്നു. ഇതനുസരിച്ച് ഈ സെപ്റ്റംബര്‍ മുതല്‍ ശ്രീശാന്തിന് വീണ്ടും കളത്തിലിറങ്ങാം.

‘എന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചതോടെ പുതിയൊരു ഇന്നിങ്‌സിലേക്ക് കടക്കുകയാണ് ഞാന്‍. തീര്‍ച്ചയായും ഞാന്‍ തോറ്റു പിന്‍മാറില്ല. സ്ഥിരതയുടെയും ആത്മവിശ്വാസത്തിന്റേയും ജോലിയോടുള്ള മനോഭാവത്തിന്റെയും കാര്യത്തില്‍ ജയിംസ് ആന്‍ഡേഴ്‌സനാണ് എന്റെ മാതൃക. അദ്ദേഹത്തിന് സാധിക്കുമെങ്കില്‍ തീര്‍ച്ചയായും എനിക്കും സാധിക്കും. ഇന്ത്യയ്ക്കായി വീണ്ടും കളിക്കാനാകുമെന്നു തന്നെയാണ് എന്റെ പ്രതീക്ഷ. കുറഞ്ഞത് രണ്ടു സീസണെങ്കിലും ഏതെങ്കിലം കൗണ്ടിക്കായി കളിക്കാമെന്നും പ്രതീക്ഷിക്കുന്നു.

ഇതുവരെ തനിക്ക് ഉറച്ച പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി’യും ശ്രീശാന്ത് അറിയിച്ചു. സെപ്റ്റംബര്‍ മുതല്‍ കേരളത്തിനായി ശ്രീശാന്ത് ഏകദിന മത്സരങ്ങള്‍ കളിച്ചു തുടങ്ങണമെന്നാണ് കരുതുന്നത്. ഇതിനു പിന്നാലെ ട്വന്റി20യിലും രഞ്ജി ട്രോഫിയിലും കളിക്കുമെന്നും പ്രതീക്ഷയുണ്ട്.

Top