ശ്രീശാന്തിന്റെ വിലക്ക് ഏഴ് വര്‍ഷമായി കുറച്ച് ബി.സി.സി.ഐ

മുംബൈ: മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വിലക്ക് ബി.സി.സി.ഐ അവസാനിപ്പിക്കുന്നു. ശ്രീശാന്തിന് ഏര്‍പ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് ബി.സി.സി.ഐ ഏഴ് വര്‍ഷമായി കുറച്ചു. ഇതു പ്രകാരം അടുത്ത ഓഗസ്റ്റോടെ ശ്രീശാന്തിന്റെ വിലക്ക് അവസാനിക്കും.

2013 ഓഗസ്റ്റിലാണ് ശ്രീശാന്തിന് ബി.സി.സി.ഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. ആ വര്‍ഷത്തെ ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ശ്രീശാന്ത് ഒത്തുകളിച്ചെന്ന് ആരോപിച്ചായിരുന്നു ഈ വിലക്ക്.

പിന്നീട് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയെങ്കിലും വിലക്ക് പിന്‍വലിക്കാന്‍ ബി.സി.സി.ഐ തയ്യാറായിരുന്നില്ല. ഒടുവില്‍ ശ്രീശാന്തിന്റെ ഹര്‍ജിയില്‍ ഇടപെട്ട സുപ്രീം കോടതി ആജീവനാന്ത വിലക്ക് നീക്കി അന്തിമ തീരുമാനമെടുക്കാന്‍ ബി.സി.സി.ഐയ്ക്ക് മൂന്ന് മാസത്തെ സമയം നല്‍കി. ഈ മൂന്നു മാസം അവസാനിച്ചതോടെയാണ് ബി.സി.സി.ഐ തീരുമാനം വ്യക്തമാക്കിയത്.

Top