ഐപിഎല്‍ താരലേല പട്ടികയില്‍ ഇല്ലാത്തതില്‍ പരാതിയില്ലെന്ന് ശ്രീശാന്ത്

തിരുവനന്തപുരം: ഐപിഎല്‍ താരലേല പട്ടികയില്‍ ഇല്ലാത്തതില്‍ പരാതിയില്ലെന്ന് മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. അടുത്ത സീസണില്‍ ഐപിഎല്ലിലെത്താന്‍ ശ്രമിക്കുമെന്നും എട്ട് വര്‍ഷം കാത്തിരുന്നെങ്കില്‍ ഇനിയുമാകാമെന്നും ശ്രീശാന്ത് പറഞ്ഞു. അതേസമയം, വിജയ് ഹസാരേ ട്രോഫിയില്‍ കേരളത്തിന്‍റെ ജയമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐപിഎല്‍ താരലേലത്തിനുള്ള അന്തിമ പട്ടികയില്‍ ഇടംപിടിക്കാത്തതില്‍ പ്രതികരിച്ച് ഇന്‍സ്റ്റഗ്രാം വീഡിയോയിലാണ് ശ്രീശാന്ത് ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.

ലേലത്തിനായി രജിസ്റ്റര്‍ ചെയ്ത 1114 താരങ്ങളുടെ പട്ടിക 292ലേക്ക് ചുരുക്കിയപ്പോഴാണ് ശ്രീശാന്ത് പുറത്തായത്. 75 ലക്ഷം രൂപ അടിസ്ഥാന വില ഇട്ടായിരുന്നു ശ്രീശാന്ത് രജിസ്റ്റര്‍ ചെയ്തിരുന്നത്. വിലക്കിന് ശേഷം 38-ാം വയസില്‍ കേരള ടീമിലൂടെ ശ്രീശാന്ത് തിരിച്ചെത്തിയിരുന്നു. സയ്യിദ് മുഷ്‌താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റിന് പിന്നാലെ വിജയ് ഹസാരേ ഏകദിന ട്രോഫിക്കുള്ള കേരള ടീമിലും താരം ഇടംപിടിച്ചിട്ടുണ്ട്.

അതേസമയം അഞ്ച് മലയാളികള്‍ താരലേലത്തിനുള്ള അന്തിമ പട്ടികയില്‍ ഇടംപിടിച്ചു. സച്ചിൻ ബേബി, വിഷ്ണു വിനോദ്, മുഷ്താഖ് അലി ട്രോഫിയില്‍ സെഞ്ച്വറി നേടിയ മുഹമ്മദ് അസ്ഹറുദ്ദീൻ, പേസര്‍ എംഡി നിതീഷ് എന്നിവരും കര്‍ണ്ണാടകയുടെ മലയാളി താരം കരുണ്‍ നായരുമാണ് താരങ്ങള്‍. രണ്ട് കോടി രൂപ അടിസ്ഥാന വിലയുള്ള താരങ്ങള്‍ 10 പേരാണ്.

Top