s ramachandran pillai- election

തിരുവനന്തപുരം: കേരളത്തില്‍ തിരഞ്ഞെടുപ്പിനു മുന്‍മ്പ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള. ജയിച്ചതിനുശേഷം മാത്രമേ മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കുകയുള്ളൂ.

വിഎസിനു കേന്ദ്രനേതൃത്വം ഒരുറപ്പും നല്‍കിയിട്ടില്ല. പാര്‍ട്ടിയുടെ പരമ്പരാഗതരീതിയില്‍ ഇത്തവണ മാറ്റം വരുത്തിയിട്ടില്ല. മറ്റു വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്നും രാമചന്ദ്രന്‍ പിള്ള മനോരമ ന്യൂസിനോടു പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുഭക്ഷത്തിനു ഭൂരിപക്ഷം ലഭിച്ചാല്‍ വി.എസ്.അച്യുതാനന്ദന്‍ തന്നെയായിരിക്കും മുഖ്യമന്ത്രിയെന്നു സംസ്ഥാന നേതൃത്വത്തിനു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി സൂചന നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വിഎസായിരിക്കും തിരഞ്ഞെടുപ്പിനെ നയിക്കുകയെന്ന് സംസ്ഥാന കമ്മിറ്റിയില്‍ പിബി തീരുമാനം വിശദീകരിച്ച് യച്ചൂരി വ്യക്തമാക്കി. കേരളത്തില്‍ ഏറ്റവും ജനകീയനായ നേതാവാണ് വിഎസെന്നും അദ്ദേഹത്തെ മാറ്റിനിര്‍ത്തുന്ന കാര്യം ചിന്തിക്കുന്നതുപോലും വിനയാവുമെന്നും യച്ചൂരി അഭിപ്രായപ്പെട്ടിരുന്നു.

തിരഞ്ഞെടുപ്പില്‍ വിഎസും പിണറായിയും മല്‍സരിക്കുന്നുണ്ട്. അങ്ങോട്ട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വിഎസിനെ സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ജനവികാരം എതിരാകുമെന്നത് കണക്കിലെടുത്തായിരുന്നു ഇത്.

Top