താമസിക്കുന്ന വീട്ടിൽ നിന്നും ഒഴിഞ്ഞ് പോകാൻ റവന്യൂ വകുപ്പ് നോട്ടീസ് നൽകിയെന്ന എസ് രാജേന്ദ്രന്റെ വാദം തെറ്റ്

താൻ താമസിക്കുന്ന വീട്ടിൽ നിന്നും ഒഴിഞ്ഞ് പോകാൻ റവന്യൂ വകുപ്പ് നോട്ടീസ് നൽകിയെന്ന മുൻ എംഎൽഎ എസ് രാജേന്ദ്രന്റെ വാദം തെറ്റ്. രാജേന്ദ്രൻ താമസിക്കുന്ന വീടിനല്ല പകരം അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു വീടിനാണ് റവന്യൂ വകുപ്പ് നോട്ടീസ് നൽകിയതെന്നാണ് വിവരം. ഈ വീട് ഇദ്ദേഹം വാടകക്ക് നൽകിയിരിക്കുകയാണെന്നതാണ് യാഥാർത്ഥ്യം. എന്നാൽ താൻ താമസിക്കുന്ന വീടിനാണ് ഒഴിഞ്ഞ് പോകാൻ നോട്ടീസ് നൽകിയതെന്നായിരുന്നു രാജേന്ദ്രൻ ഇന്നലെ മാധ്യമങ്ങളോടടക്കം പറഞ്ഞത്.

അതിനിടെ ഉദ്യോഗസ്ഥരുടെ കള്ളക്കളിയും പുറത്ത് വന്നു. കയ്യേറ്റ ഭൂമിയിലെ ഒഴിപ്പിക്കൽ നടപടികൾ വൈകിപ്പിച്ചും പൊലീസിൽ പരാതി നൽകാതെയും ഉദ്യോഗസ്ഥർ നടത്തിയ കള്ളക്കളിയുടെ വിവരങ്ങളാണ് പുറത്ത് വന്നത്.

മുൻ എംഎൽഎ എസ്. രാജേന്ദ്രന്റെ കയ്യേറ്റ ഭൂമിയിലെ ഒഴിപ്പിക്കൽ നടപടിക്കായി നോട്ടീസ് നൽകുന്നതാണ് ഉദ്യോഗസ്ഥർ ഇടപെട്ട് വൈകിപ്പിച്ചത്. നവംബർ രണ്ടിന് നോട്ടീസ് നൽകിയെന്നാണ് ലാൻഡ് റവന്യൂ കമ്മീഷണറിനെ ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ അറിയിച്ചത്. എന്നാൽ നവംബർ 19 നാണ് രാജേന്ദ്രന് നോട്ടീസ് നൽകിയത്.

രാജേന്ദ്രന് എതിരെ ക്രിമിനൽ കേസെടുക്കുന്നതിനുള്ള നടപടികളും വൈകിപ്പിച്ചുവെന്നാണ് വിവരം. രാജേന്ദ്രനെതിരെ കേസ് എടുക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടുവെന്ന് ഉദ്യോ​ഗസ്ഥർ ലാൻഡ് റവന്യു കമ്മീഷണറെ അറിയിച്ചിരുന്നു. എന്നാൽ യഥാർത്ഥത്തിൽ ഇതുവരെ പൊലീസിൽ പരാതി നൽകിയില്ല. ഒഴിപ്പിക്കൽ നടപടിക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് മാത്രമാണ് ഉദ്യോഗസ്ഥർ എസ്പിയെ സമീപിച്ചത്.

Top