ദേവികുളം തെരഞ്ഞെടുപ്പ് വിഷയത്തില്‍ എസ് രാജേന്ദ്രന് ഇടുക്കി ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം

ഇടുക്കി: ഇടുക്കി സിപിഐഎമ്മിലെ ദേവികുളം തെരഞ്ഞെടുപ്പ് വിഷയത്തില്‍ മുന്‍ എംഎല്‍എ എസ് രാജേന്ദ്രന് രൂക്ഷ വിമര്‍ശനം. എസ് രാജേന്ദ്രന് എതിരെ നടപടി യെടുക്കാന്‍ ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തോട് ശുപാര്‍ശ ചെയ്ത സംഭവം വിശദീകരിക്കവെയാണ് വിമര്‍ശനം ആവര്‍ത്തിച്ചത്. പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചപ്പോള്‍ ജില്ല സെക്രട്ടറി കെ കെ ജയചന്ദ്രന്‍ പരാമര്‍ശം നടത്തിയത്

തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ സ്ഥാനാര്‍ഥി എ രാജയുടെ പേര് പറയാന്‍ എസ് രാജേന്ദ്രന്‍ തയ്യാറായില്ല, പറയണം എന്ന് ജില്ല നേതാക്കള്‍ നിര്‍ദേശിച്ചിട്ടും അനുസരിച്ചില്ലെന്നും ജില്ല സെക്രട്ടറി കെ കെ ജയചന്ദ്രന്‍ കുറ്റപ്പെടുത്തി. രാജേന്ദ്രന്റെ നിലപാടുകളുടെ പശ്ചാത്തലത്തിലാണ് അന്വേഷണ കമ്മീഷണ നിയോഗിച്ച് പരിശോധന നടത്തിയതെന്നും ജില്ലാ സെക്രട്ടറി ചൂണ്ടിക്കാട്ടി.

അതിനിടെ, ബ്രാഞ്ച്, ഏരിയ സമ്മേളനങ്ങളില്‍ നിന്ന് വിട്ടുനിന്നതിന് വിമര്‍ശനങ്ങള്‍ നേരിട്ട എസ് രാജേന്ദ്രന്‍ ജില്ലാ സമ്മേളനത്തിലും പങ്കെടുക്കുന്നില്ല. പ്രധാനപ്പെട്ട സമ്മേളനത്തില്‍ ഉറപ്പായും പങ്കെടുക്കും എന്നായിരുന്നു രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ തനിക്കെതിരായ നടപടിയിലെ ഇളവ് സംബന്ധിച്ച് ഉറപ്പൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് പുതിയ നീക്കമെന്നാണ് സൂചന.

ദേവികുളം തെരഞ്ഞെടുപ്പിലെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പം സമ്മേളനങ്ങളില്‍ നിന്നും രാജേന്ദ്രന്‍ വിട്ടുനിന്നതോടെ ജില്ലാ നേതൃത്വത്തെ കൂടുതല്‍ ചൊടിപ്പിക്കുയും ചെയ്തു. സമ്മേളനങ്ങളിലെല്ലാം രാജേന്ദ്രനെതിരെ എം എം മണി തുറന്നടിക്കുയും ചെയ്തിരുന്നു.

Top