ജാതി പറഞ്ഞത് ശരിയായില്ല; എം എം മണിക്ക് മറുപടിയുമായി എസ് രാജേന്ദ്രന്‍

തൊടുപുഴ: എം എം മണിക്ക് മറുപടിയുമായി മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ രംഗത്തെത്തി. എല്ലാവര്‍ക്കും എല്ലാവരുടെയും ജാതി അറിയാം.ജാതി ഉണ്ട് എന്നുള്ള കാര്യത്തില്‍ ആര്‍ക്കും ഒരു തര്‍ക്കവുമില്ല. 2021ല്‍ പരസ്യമായി മൂന്നാറില്‍ ജാതി പറഞ്ഞാണ് പാര്‍ട്ടി വോട്ട് പിടിച്ചത്. ജാതി സമവാക്യം എന്ന പേരില്‍ പറയനും പള്ളനും എന്നൊക്കെ എടുത്തു പറഞ്ഞു. ഇത് പറഞ്ഞത് ശരിയായില്ല എന്നേ താന്‍ പറഞ്ഞുള്ളൂ.

എംഎം മണിയെ പേടിച്ചല്ല വാര്‍ത്താസമ്മേളനം മാറ്റിവെച്ചത്. എംഎം മണി പറയാനുള്ളത് പറഞ്ഞോട്ടെ. അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകളില്‍ പോലും ഇല്ലാത്ത കാര്യമാണ് എല്ലാവരും പറയുന്നത്. എംഎം മണി തനിക്കെതിരെ പ്രസംഗിച്ചാല്‍ അത് താനും കൂടി കസേരയിട്ട് കേട്ടിരുക്കും. ഒരു മുതിര്‍ന്ന ആള്‍ എന്ന നിലയില്‍ എം എം മണി പറയുന്നത് കേള്‍ക്കേണ്ടത് ആണെങ്കില്‍ കേള്‍ക്കും. ഇല്ലാത്തതാണെങ്കില്‍ തള്ളിക്കളയും. വാര്‍ത്താസമ്മേളനം നടത്തേണ്ട കാര്യം വന്നാല്‍ നടത്തുക തന്നെ ചെയ്യുമെന്നും എസ് രാജേന്ദ്രന്‍ വ്യക്തമാക്കി.

പാര്‍ട്ടിയാണ് ജാതി പറഞ്ഞതെന്ന എസ്. രാജേന്ദ്രന്റെ പ്രതികരണത്തിന് ഇന്നലെ മറുപടിയുമായി സിപിഎം സംസ്ഥാന സമിതിയംഗം എംഎം മണി രംഗത്തെത്തിയിരുന്നു. റിസര്‍വേഷന്‍ സീറ്റില്‍ ജാതി നോക്കാതെ സ്ഥാനാര്‍ത്ഥിയെ എങ്ങനെ നിര്‍ത്തുമെന്നായിരുന്നു മണിയുടെ ചോദ്യം.

ജാതി നോക്കി നിര്‍ത്തിയത് കൊണ്ടാണ് മൂന്ന് തവണ രാജേന്ദ്രന്‍ എംഎല്‍എ ആയി ഞെളിഞ്ഞ് നടന്നത്. എസ്‌സി വിഭാഗത്തില്‍ പെട്ട ആളായത് കൊണ്ടാണ് സ്ഥാനാര്‍ഥി ആക്കിയത്. വാര്‍ത്താ സമ്മേളനം നടത്തി പാര്‍ട്ടിക്കെതിരേ പറഞ്ഞാല്‍ കൂടുതല്‍ കാര്യങ്ങള്‍ മീറ്റിംഗ് നടത്തി പറയേണ്ടി വരുമെന്ന മുന്നറിയിപ്പും എംഎം മണി നല്‍കിയിരുന്നു.

Top