തനിക്കെതിരെ പാര്‍ട്ടി എടുത്ത അച്ചടക്ക നടപടിക്ക് എതിരെ എസ് രാജേന്ദ്രന്‍ അപ്പീല്‍ നല്‍കി

ഇടുക്കി: തനിക്കെതിരെ പാര്‍ട്ടി എടുത്ത അച്ചടക്ക നടപടിക്ക് എതിരെ എസ് രാജേന്ദ്രന്‍ അപ്പീല്‍ നല്‍കി. സി പി എം സംസ്ഥന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ നേരില്‍ കണ്ടാണ് അപ്പീല്‍ നല്‍കിയത്. തനിക്ക് എതിരെയുള്ള അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍ തെറ്റാണെന്ന് കാണിച്ചാണ് അപ്പീല്‍ നല്‍കിയത്. ഇത് തെളിയിക്കുന്ന ചിത്രങ്ങളും ദ്യശ്യങ്ങളും രാജേന്ദ്രന്‍ കൈമാറിയിട്ടുണ്ട്. പാര്‍ട്ടി നടപടിക്ക് എതിരെ അപ്പീല്‍ പോകില്ലെന്ന നിലപാടിലായിരുന്നു നേരത്തെ എസ്. രാജേന്ദ്രന്‍.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എസ്.രാജേന്ദ്രനെ സി പി എം ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് വിട്ടു നിന്നതിനുപുറമേ ജാതീയമായി ഭിന്നിപ്പുണ്ടാക്കി പാര്‍ട്ടി സ്ഥാനാര്‍ത്ഥി രാജയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നു രാജേന്ദ്രനെതിരെ കണ്ടെത്തലുണ്ട്. മുഖ്യമന്ത്രി പെട്ടിമുടിയില്‍ എത്തിയപ്പോള്‍ മനപ്പൂര്‍വ്വം വിട്ടുനിന്നു എന്നതും നടപടിക്ക് കാരണമായി.

പ്രാഥമിക അംഗത്വത്തില്‍ നിന്ന് എസ് രാജേന്ദ്രനെ അടുത്ത ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാനുള്ള ശുപാര്‍ശ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു. ദേവികുളത്തെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി എ രാജയെ പരാജയപ്പെടുത്താന്‍ എസ് രാജേന്ദ്രന്‍ ശ്രമിച്ചുവെന്നും, വിജയിപ്പിക്കാനുള്ള ഒരു ശ്രമവും നടത്തിയില്ലെന്നും പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ജില്ലാ കമ്മിറ്റിയാണ് എസ് രാജേന്ദ്രനെ തല്‍ക്കാലത്തേക്ക് പുറത്താക്കണമെന്ന ശുപാര്‍ശ സംസ്ഥാന സെക്രട്ടേറിയറ്റിന് നല്‍കിയത്.

Top