നിയമം നടപ്പാക്കിയപ്പോൾ സബ് കളക്ടർ കോപ്പിയടിച്ചാണ് ഐ.എ.എസ് നേടിയതെന്ന് എം.എൽ.എ

തൊടുപുഴ :സി.പി.എം-സി.പി.ഐ ഭിന്നത മൂര്‍ച്ചിച്ചതോടെ ബലിയാടാകുന്നത് ഐ.എ.എസുകാരനായ സബ് കളക്ടര്‍.

ഇടത് എം.പി ജോയ്‌സ് ജോര്‍ജിനെതിരെ നിയമപരമായി നീങ്ങിയ സബ് കലക്ടര്‍ക്കെതിരെ സി.പി.എം എം.എല്‍.എ രാജേന്ദ്രനാണ് ഗുരുതര ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.

ജോയ്‌സ് ജോര്‍ജിന്റെ കൊട്ടക്കാമ്പൂരിലെ ഭൂമിക്കെതിരെ നടപടിയെടുത്ത ദേവികുളം സബ്കലക്ടര്‍ ഐ.എ.എസ് പാസായത് കോപ്പിയടിച്ചാണെന്ന് എസ്.രാജേന്ദ്രന്‍ തുറന്നടിച്ചു.

സബ്കലക്ടറുടെ തലച്ചോറ് മറ്റെവിടെയോ ആണെന്നും എംഎല്‍എ പരിഹസിച്ചു.

മൂന്നാറിലെ ഭൂപ്രശ്‌നങ്ങള്‍ വഷളാക്കാന്‍ റവന്യൂ-വനം വകുപ്പുകള്‍ ശ്രമിക്കുന്നുവെന്നും എംഎല്‍എ ആരോപിച്ചു.

രാജേന്ദ്രന്റെ നേതൃത്വത്തില്‍ സിപിഐയെ ഒഴിവാക്കി മൂന്നാര്‍ സംരക്ഷണ സമിതിക്ക് രൂപം നല്‍കിയിരുന്നു.

പത്ത് പഞ്ചായത്തുകളില്‍ 21ന് ഹര്‍ത്താലിനും മൂന്നാര്‍ സംരക്ഷണ സമിതി ആഹ്വാനം ചെയ്തിട്ടുണ്ട്.

നിവേദിത പി. ഹരന്‍ റിപ്പോര്‍ട്ട് തള്ളിക്കളയുക, ദേവികുളം സബ് കലക്ടറുടെ ജനവിരുദ്ധ നടപടികള്‍ റദ്ദാക്കുക, പട്ടയങ്ങള്‍ റദ്ദാക്കുന്ന നടപടികള്‍ പിന്‍വലിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍.

തോമസ് ചാണ്ടിയുടെ രാജിയെതുടര്‍ന്ന് സിപിഐയ്‌ക്കെതിരെ കൊട്ടാക്കമ്പൂര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ വിഷയത്തില്‍ ഇടഞ്ഞിരിക്കുകയായിരുന്നു സി.പി.എം. ഇതിനിടെയാണ് എംഎല്‍എയുടെ വിമര്‍ശനം.

സബ് കളക്ടർക്കെതിരെ ആരോപണമുന്നയിച്ച രാജേന്ദ്രൻ എം.എൽ.എയെ മുൻപ് മൂന്നാർ ടൗണിലൂടെ പൊമ്പിളൈ സമരക്കാർ ഓടിച്ചതാണ്.

Top