സൂപ്പര്‍ താരത്തിന്റെയും യഥാര്‍ത്ഥ ഹീറോ കാക്കി അഴിച്ചു, സല്യൂട്ട് നല്‍കി കാര്‍ത്തി !

രാഷ്ട്രീയത്തില്‍ മാത്രമല്ല, പൊലീസിലുമുണ്ട് ചരിത്രം സൃഷ്ടിച്ച നിരവധി പേര്‍. അതില്‍ നമുക്കൊരുക്കലും മറക്കാന്‍ പറ്റാത്ത ഒരു മുഖമാണ് ഉത്തരേന്ത്യന്‍ കൊള്ള സംഘത്തെ വിറപ്പിച്ച എസ്.ആര്‍. ജാംഗിദ് എന്ന ഐ.പി.എസുകാരന്‍.

കായിക ശക്തിക്കും ആയുധ ശക്തിക്കും അപ്പുറം ബുദ്ധിശക്തി കൊണ്ടാണ് പ്രധാന കേസുകളെല്ലാം ജാംഗിദ് തെളിയിച്ചത്. ഇതില്‍ ബവേരിയ മോഷണ സംഘത്തിലെ പ്രതികളെ പിടികൂടിയതാണ് പ്രധാനം. സിനിമാ ക്രൈം കഥകളെ വെല്ലുന്ന സംഭവങ്ങളാണ് ഇതോടെ ചുരുളയക്കപ്പെട്ടത്. ഈ സംഭവം അടുത്തയിടെ ധീരന്‍ എന്ന സിനിമയായി പുറത്തിറങ്ങിയപ്പോള്‍ സൂപ്പര്‍ ഹിറ്റായിരുന്നു.

പൊലീസിന്റെ സാഹസികതയും കഷ്ടപ്പാടുകളുമെല്ലാം തുറന്ന് കാട്ടിയ സിനിമയെ തമിഴകം നെഞ്ചിലേറ്റു വാങ്ങുകയായിരുന്നു. ജാംഗിദിന്റെ കൊമ്പന്‍ മീശയെ വില്ലത്തരമായി കണ്ടവര്‍ക്ക് ആ മനസ്സിന്റെ നന്മയും ധീരതയും അറിയാനുള്ള അവസരമായും ധീരന്‍ മാറി.

താനല്ല യഥാര്‍ത്ഥ ധീരന്‍ ജാംഗിദ് ആണെന്നാണ് നായകന്‍ കാര്‍ത്തി തന്നെ പറയുന്നത്. സര്‍വ്വീസില്‍ നിന്നും ഇപ്പോള്‍ റിട്ടയര്‍ ചെയ്ത ഈ ഉദ്യാഗസ്ഥന് സല്യൂട്ട് നല്‍കുന്നതായും കാര്‍ത്തി പറഞ്ഞു. തന്റെ കരിയറില്‍ ഫുള്‍ എനര്‍ജിയോടു കൂടി അഭിനയിച്ച സിനിമയാണ് ധീരനെന്നാണ് കാര്‍ത്തി ചൂണ്ടിക്കാട്ടുന്നത്.

1995 മുതല്‍ 2005 വരെ നടന്ന കുറ്റകൃത്യവും പൊലീസ് നടത്തിയ സാഹസിക ഇടപെടലുകളും റിയലിസ്റ്റിക്കായാണ് സിനിമയിലും അവതരിപ്പിച്ചിരിക്കുന്നത്. കാര്‍ത്തിയാണ് ജാംഗിദായി സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. കഥാപാത്രത്തിന്റെ പൂര്‍ണ്ണതക്കായി പൊലീസ് അക്കാദമിയില്‍ പോയി കാര്‍ത്തി പ്രത്യേക പരിശീലനം തന്നെ നേടിയിരുന്നു.

ധീരന്‍ സിനിമ തമിഴ്‌നാട് പൊലീസിന് വലിയ ഇമേജാണ് ഉണ്ടാക്കിയതെന്നാണ് മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നത്. സര്‍വ്വീസില്‍ നിന്നും ഇപ്പോള്‍ വിരമിച്ചെങ്കിലും തുടര്‍ന്നും തമിഴ്‌നാട് പൊലീസുമായി ആവശ്യം വന്നാല്‍ സഹകരിക്കുമെന്ന് ജാംഗിദ് വ്യക്തമാക്കിയിട്ടുണ്ട്.

34 വര്‍ഷം നീണ്ടു നിന്ന പൊലീസ് ജീവിതമാണ് ജാംഗിദ് അവസാനിപ്പിച്ചിരിക്കുന്നത്. കലയും സംസ്‌കാരവും ചരിത്രവുമെല്ലാം പ്രമേയമാകുന്ന ഒട്ടേറെ പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് അദ്ദേഹം. രാജസ്ഥാന്‍ ബാര്‍മെറിലെ കര്‍ഷക കുടുംബത്തിലാണു ജാംഗിദിന്റെ ജനനം. സര്‍ക്കാര്‍ കോളജില്‍ അസിസ്റ്റന്റ് പ്രൊഫസറായിരിക്കെയാണു ഐ.പി.എസ് ലഭിച്ചത്. മൂന്നു പതിറ്റാണ്ടിലേറെ നീണ്ട ഔദ്യോഗിക ജീവിതം, ഭാവി പൊലീസ് ഉദ്യോഗസ്ഥര്‍ക്കായുള്ള പാഠപുസ്തകമാക്കിയാണ് അദ്ദേഹം കാക്കി വേഷം അഴിച്ചുവയ്ക്കുന്നത്.

കൊള്ളയും കൊലപാതകവും കൊണ്ട് തമിഴകത്തെ വിറപ്പിച്ച ബവേരിയ മോഷണ സംഘത്തെ ഉത്തരേന്ത്യവരെ പിന്തുടര്‍ന്നു പിടിച്ചതോടെയാണ് ജാംഗിദിന്റെ അന്വേഷണ മികവ് രാജ്യം തിരിച്ചറിഞ്ഞത്.

രണ്ടായിരത്തിന്റെ തുടക്കത്തിലാണു ഉത്തരേന്ത്യയില്‍ നിന്നെത്തുന്ന കൊള്ള സംഘങ്ങള്‍ തമിഴ്‌നാട്, ആന്ധ്രാ, കര്‍ണാടക സംസ്ഥാനങ്ങളില്‍ ദേശീയ പാതയോടു ചേര്‍ന്ന പ്രദേശങ്ങളില്‍ ഭീതി വിതച്ചു തുടങ്ങിയിരുന്നത്. ഉത്തരേന്ത്യയില്‍ നിന്നു വരുന്ന ചരക്കു ലോറികളില്‍ ജോലിക്കാരായി വന്ന്, റോഡരികിലെ സമ്പന്ന ഭവനങ്ങള്‍ കണ്ടെത്തി, വീട്ടുകാരെ ആക്രമിച്ച് കൊള്ളയടിക്കുകയായിരുന്നു ഇവരുടെ രീതി. ചെറുത്തു നില്‍ക്കുന്നവരെ ക്രൂരമായി കൊലപ്പെടുത്താനും മടിയില്ലാത്ത കൊടും ക്രിമിനലുകളായിരുന്നു ഈ തസ്‌ക്കരന്‍മാര്‍.

സേലത്തു ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന തലമുത്തു നടരാജന്‍, ഡി.എം.കെ നേതാവ് ഗജേന്ദ്രന്‍ തുടങ്ങിയ പ്രമുഖരുടെ കൊലപാതകം സംസ്ഥാനത്തെ ഞെട്ടിച്ചു. ഗുമ്മിഡിപൂണ്ടിയിലെ അണ്ണാഡിഎംകെ എം.എല്‍.എ സുന്ദരേശന്‍ കവര്‍ച്ചക്കാരുടെ വെടിയേറ്റു മരിച്ചതോടെ ഞെട്ടല്‍ ഭീതിക്കു വഴി മാറി. അന്നു തമിഴ്‌നാട് പൊലീസ് വടക്കന്‍ മേഖലാ ഐജിയായിരുന്നു ജാംഗിദ്. സംസ്ഥാനത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന കവര്‍ച്ചക്കാരെ ഒതുക്കാനുള്ള ദൗത്യം മുഖ്യമന്ത്രി ഏല്‍പിച്ചതോടെയാണു സിനിമാ കഥകളെ വെല്ലുന്ന ഓപ്പറേഷനു തുടക്കം കുറിച്ചിരുന്നത്.

സംസ്ഥാനത്തെ നടുക്കിയ കൊലപാതകങ്ങള്‍ക്കെല്ലാം പിന്നില്‍ ഒരേ സംഘമാണെന്നു തിരിച്ചറിഞ്ഞതാണു കേസില്‍ വഴിത്തിരിവായത്. വിരലടയാള പരിശോധനയിലൂടെയായിരുന്നു കണ്ടെത്തല്‍. അതിനു പിന്നാലെയുള്ള അന്വേഷണം ഉത്തര്‍പ്രദേശിലെ കനൗജിലും രാജസ്ഥാനിലെ വിവിധ പ്രദേശങ്ങളിലുമെത്തി. ശക്തമായ ചെറുത്തു നില്‍പ് അതിജീവിച്ചാണു ബവേരിയ സംഘത്തെ ഒന്നടങ്കം അഴിക്കുള്ളിലാക്കിയത്. 9 സംസ്ഥാനങ്ങളിലായി 200ലധികം കേസുകളില്‍ പ്രതികളായ ബവേരിയ സംഘത്തിലെ ചിലര്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെടുകയുമുണ്ടായി.

തൂത്തുക്കുടിയിലും തിരുനെല്‍വേലിയിലും വര്‍ഗീയ കലാപങ്ങള്‍ ഉരുക്കു മുഷ്ടി കൊണ്ട് അടിച്ചമര്‍ത്തിയും ജാംഗിദ് പേടിസ്വപ്നമായി. കലാപങ്ങള്‍ പതിവായിരുന്നപ്പോള്‍ ഏറെ കാലം വൈകുന്നേരം ആറ് മണിക്കുശേഷം ബസ് ഓടാത്ത സ്ഥിതി മാറിയത് ജാംഗിദ് ചുമതലയില്‍ വന്ന ശേഷമാണ്.

മികച്ച സേവനത്തിനു രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും മെഡലുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. പാവപ്പെട്ടവര്‍ക്കു വീടുവയ്ക്കാനായി ചെറിയ നിരക്കില്‍ ഭൂമി വാങ്ങി നല്‍കിയും, കടലൂരില്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്കു വിവാഹം നടത്തുന്നതിനായി സ്വന്തം ചെലവില്‍ കല്യാണ മണ്ഡപം നിര്‍മിച്ചു കൊടുത്തും ഈ ഐ.പി.എസ് ഓഫീസര്‍ വ്യത്യസ്തനായി.

ഇപ്പോള്‍ നീണ്ട 34 വര്‍ഷത്തെ സേവനത്തിനു ശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ജാംഗിദിന് പൊലീസ് സേന യാത്രയയപ്പ് നല്‍കുമ്പോള്‍ ഇരു കയ്യും നീട്ടി സ്വീകരിക്കാനൊരുങ്ങുകയാണ് തമിഴകം.

Top