അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല, മണ്ണ് തിന്നെന്ന് പറഞ്ഞത് സിപിഎമ്മുകാര്‍: ദീപക്ക്

തിരുവനന്തപുരം: കൈതമുക്കില്‍ കുട്ടികള്‍ പട്ടിണിമൂലം മണ്ണ് തിന്നെന്ന് അറിയിച്ചത് സി.പി.എം പ്രാദേശിക പാര്‍ട്ടിക്കാര്‍ നല്‍കിയ വിവരം അനുസരിച്ചാണെന്ന് ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി എസ്.പി. ദീപക്. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണത്തില്‍ ദീപക് വ്യക്തമാക്കി.എന്നാല്‍ വിവാദം സര്‍ക്കാരിന് നാണക്കേടായതിനാല്‍ ദീപക്ക് രാജി വയ്ക്കണമെന്ന നിലപാടിലാണ് മുഖ്യമന്ത്രിയും സി.പി.എമ്മും. ഏതാനും ആഴ്ചക്കുള്ളില്‍ സമിതിയുടെ കാലാവധി പൂര്‍ത്തിയാകുന്നതിനാല്‍ അതുവരെ തുടരാന്‍ അനുവദിക്കണമെന്ന ആവശ്യം ദീപക്കുള്‍പ്പെടെ മുന്നോട്ട് വച്ചിട്ടുണ്ട്. ഇത് അംഗീകരിച്ചില്ലങ്കില്‍ ദീപക്കിന് ഉടന്‍ രാജിവയ്‌ക്കേണ്ടിവരും.

ബാലബാലാവകാശ കമ്മീഷനും നഗരസഭയും നടത്തിയ പരിശോധനയില്‍ കുട്ടികള്‍ പട്ടിണിമൂലം മണ്ണ് തിന്നെന്ന ആരോപണം തെറ്റാണെന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് സി.പി.എം ജില്ല സെക്രട്ടേറിയറ്റ് ദീപക്കിനോട് വിശദീകരണം തേടിയത്.

വഞ്ചിയൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വിമല്‍ നല്‍കിയ വിവരമനുസരിച്ചാണ് മണ്ണ് തിന്നതെന്ന് പറയേണ്ടിവന്നതെന്നാണ് ദീപകിന്റെ വിശദീകരണം. സ്ഥലത്തെത്തിയ സമിതിയിലെ ഉദ്യോഗസ്ഥരും ഇത് ശരിവെച്ചെന്നും കുടുംബത്തെ രക്ഷിക്കാനാണ് ശ്രമിച്ചതെന്നുമാണ് ദീപക് പറയുന്നത്.

കൈതമുക്ക് റയില്‍വേ പുറമ്പോക്ക് കോളനിയില്‍ കഴിയുന്ന ആറ് കുട്ടികളില്‍ നാല് പേരെയാണ് അമ്മയുടെ ആവശ്യപ്രകാരം ശിശുക്ഷേമസമിതി ഏറ്റെടുത്തത്.

Top