എസ്. കലേഷിനോടു മാത്രമല്ല, പൊതുസമൂഹത്തോടും മാപ്പ് പറയുന്നുവെന്ന് ദീപാ നിശാന്ത്

കോട്ടയം: കവിത മോഷണ വിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ദീപ നിശാന്ത്. തനിക്ക് കവിത നല്‍കിയത് ശ്രീചിത്രനാണെന്ന് ദീപ നിശാന്ത് പറഞ്ഞു. കലേഷിന്റെ കവിത സ്വന്തം വരികളാണെന്ന് പറഞ്ഞ് ശ്രീചിത്രന്‍ വഞ്ചിച്ചു. എഴുത്തുകാരിയെന്ന് അറിയപ്പെടാനല്ല കവിത പ്രസിദ്ധീകരിച്ചതെന്നും അവര്‍ പറഞ്ഞു.

മനുഷ്യന്‍ എത്ര സമര്‍ത്ഥമായാണ് കള്ളംപറയുന്നതെന്ന് ഇപ്പോള്‍ തിരിച്ചറിഞ്ഞു. എസ്. കലേഷിനോടു മാത്രമല്ല, പൊതുസമൂഹത്തോടും മാപ്പ് പറയുന്നുവെന്ന് ദീപാ നിശാന്ത്. പൊതുസമൂഹത്തില്‍ ഇടപെടുന്ന വ്യക്തി എന്ന നിലയിലും അധ്യാപിക എന്ന നിലയിലും തനിക്ക് വലിയ പിഴവാണ് സംഭവിച്ചതെന്ന് ദീപാ നിശാന്ത് കൂട്ടിച്ചേര്‍ത്തു.

കലേഷിന്റെ കവിത എ.കെ.പി.സി.ടി.എ.യുടെ സര്‍വ്വീസ് മാഗസിനില്‍ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് ദീപാ നിശാന്തിന്റെ പ്രതികരണം. നേരത്തെ തന്നെ ദീപാ നിശാന്ത് കലേഷിനോട് മാപ്പ് പറഞ്ഞിരുന്നു.

കലേഷിന്റെ അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍/നീ എന്ന കവിതയാണ് കേരളവര്‍മ്മ കോളജ് അധ്യാപിക ദീപ നിശാന്തിന്റേതെന്ന പേരില്‍ ഫോട്ടോ സഹിതം എകെപിസിടിഎയുടെ മാഗസിനില്‍ അടിച്ചു വന്നത്. 2011ല്‍ എഴുതിയ അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍/ നീ എന്ന കവിത അതേപടിയും, മറ്റു ചിലയിടത്ത് വികലമാക്കിയും ദീപാ നിശാന്ത് സ്വന്തം പേരില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു.

Top