കോപ്പിയടി സമ്മതിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും;ദീപ നിശാന്തിനെതിരെ കലേഷ്

തിരുവനന്തപുരം: മാസികയില്‍ പ്രസിദ്ധീകരിച്ച തന്റെ കവിത കോപ്പിയടിച്ചതാണെന്ന് ദീപാ നിശാന്ത് പറയാന്‍ തയ്യാറായില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് കവി കലേഷ്. താന്‍ ഏഴ് വര്‍ഷം മുമ്പ് എഴുതിയ കവിത സ്വന്തമാണെന്ന് സ്ഥാപിക്കേണ്ട ഗതികേടിലാണ് ഇപ്പോഴുള്ളതെന്നും കലേഷ് പറഞ്ഞു.

കവിത മോഷ്ടിച്ച് വികലമാക്കിയിട്ടും ദീപ നിശാന്തിന്റെ നിലപാടുകള്‍ വേദനിപ്പിക്കുന്നതാണ്. എ.കെ.പി.സി.റ്റി മാസികയില്‍ കവിത പ്രസിദ്ധീകരിച്ചത് ഒരു സുഹൃത്താണ് വാട്‌സാപ്പിലൂടെ അയച്ച് തന്നത്. അത് കണ്ടപ്പോള്‍ ഞെട്ടലാണ് ആദ്യമുണ്ടായതെന്നും കലേഷ് വ്യക്തമാക്കി.

ദീപാ നിശാന്തിനെപോലെ കേരളത്തില്‍ സെലിബ്രേറ്റിയായി നില്‍ക്കുന്ന ഒരാള്‍ ഇങ്ങനെയൊരു കവിത അവരുടെ പേരില്‍ പ്രസിദ്ധീകരിച്ച് കണ്ടപ്പോള്‍, ഇവര്‍ക്കെതിരായി ആരെങ്കിലും ഇത് ഉപയോഗിച്ചതാവാമെന്നാണ് ഞാന്‍ ആദ്യം കരുതിയത്. അതുകൊണ്ട് ഇവരുടെ പ്രതികരണം എന്താണെന്ന് അറിയാന്‍ കാത്തിരുന്നു. എന്നാല്‍ ഇന്നലെ വൈകുന്നേരത്തോടെ എനിക്ക് മനസിലായത് അവരിതൊക്കെ നിഷേധിച്ചെന്നും തന്റെ കവിതന്നെയാണെന്നുമുള്ള എന്തൊക്കെയോ അവ്യക്തമായ മറുപടികളുമായാണ് എത്തിയതെന്നുമാണ്. അതെന്നെ ഭയങ്കരമായി വിഷമിപ്പിച്ചുവെന്നും കലേഷ് പറഞ്ഞു.

ഒരു കവിത എഴുതി പ്രസിദ്ധീകരിച്ച് വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം തന്റേത് തന്നെയാണെന്ന് സ്ഥാപിക്കേണ്ടി വരുന്നത് കവിയെ സംബന്ധിച്ചിടത്തോളം വളരെയധികം വിഷമം ഉണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കലേഷ് 2011ല്‍ എഴുതിയ ‘അങ്ങനെയിരിക്കെ മരിച്ചുപോയ് ഞാന്‍/ നീ’ എന്ന കവിതയോട് സാമ്യമുള്ള രചനയാണ് എകെപിസിറ്റി മാഗസിനില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദീപ നിശാന്തിന്റെ ചിത്രം സഹിതമാണ് കവിത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

എന്നാല്‍ താന്‍ വളരെ നാളുകള്‍ക്ക് മുമ്പ് എഴുതിയ കവിതയാണ് അതെന്നും തെളിവില്ലാത്തതിനാല്‍ നിസ്സഹായ ആണെന്നുമാണ് ദീപ നിശാന്ത് ആരോപണത്തോട് പ്രതികരിച്ചത്.

ഇതിന് മുമ്പും ദീപാ നിഷാന്തിനെതിരെ ഇതിന് സമാനമായ ആരോപണം ഉയര്‍ന്നിരുന്നു. എഴുത്തുകാരനായ അജിത്കുമാര്‍ ആര്‍. എഴുതിയ ഒറ്റതുള്ളി പെയ്ത്ത് എന്ന തലക്കെട്ട് ഒറ്റമര പെയ്ത്ത് എന്ന പേരില്‍ സ്വന്തം കൃതിക്ക് പേര് നല്‍കിയത് അന്ന് തന്നെ എഴുത്തുകാരനായ അജിത്കുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

Top