യുക്രൈന്‍ കൂട്ടക്കൊലയെ അപലപിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍, പ്രശ്‌നം പരിഹരിക്കാന്‍ ചര്‍ച്ചയാണ് ആവശ്യം

ന്യൂഡല്‍ഹി: യുക്രൈന്‍ കൂട്ടക്കൊലയെ അപലപിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. രക്തചൊരിച്ചില്‍ ഒന്നിനും പരിഹാരമല്ലെന്നും പ്രശ്‌നം പരിഹരിക്കാന്‍ ചര്‍ച്ചയാണ് ആവശ്യമെന്നും ജയശങ്കര്‍ പാര്‍ലമെന്റില്‍ പറഞ്ഞു. യുക്രൈന്‍ കൂട്ടക്കൊലയില്‍ സ്വതന്ത്ര അന്വേഷണം വേണം. ഇന്ത്യ നിന്നത് സമാധാനത്തിന്റെ പക്ഷത്താണ്. ഓപ്പറേഷന്‍ ഗംഗയെ മറ്റ് ഒഴിപ്പിക്കല്‍ നടപടികളുമായി താരതമ്യം ചെയ്യാനാകില്ല. സുമിയില്‍ വലിയ പ്രതിസന്ധി നേരിട്ടു. നേരിട്ടുള്ള ഇടപെടലാണ് പ്രധാനമന്ത്രി നടത്തിയതെന്നും ജയശങ്കര്‍ പറഞ്ഞു.

റഷ്യന്‍ സൈന്യം പിന്മാറിയ മേഖലകളില്‍നിന്ന് ഇതുവരെ കണ്ടെടുത്തത് 420 മൃതദേഹങ്ങള്‍ ആണ്. മിക്കതും കൈകാലുകള്‍ ബന്ധിച്ച നിലയില്‍ ആയിരുന്നു. കുടുംബത്തെ ഒന്നാകെ കുഴിച്ചുമൂടിയ കൂട്ടകുഴിമാടങ്ങളും കണ്ടെത്തി. യുദ്ധകാലത്തെ എല്ലാ അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ചുളള കൊടും ക്രൂരത പുറത്തുവന്നതോടെ റഷ്യക്ക് എതിരെ പ്രതിഷേധം ഇരമ്പുകയാണ്. കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയനും റഷ്യക്കുമേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി. ടാങ്കുവേധ മിസൈല്‍ സംവിധാനം അടക്കം കൂടുതല്‍ ആയുധ സഹായം യുക്രൈന് നല്‍കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചു.

അങ്ങേയറ്റം അസ്വസ്ഥപ്പെടുത്തുന്ന സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് യുഎന്നിലെ ഇന്ത്യയുടെ പ്രതിനിധി ടി എസ് തിരുമൂര്‍ത്തി ആവശ്യപ്പെട്ടു. യുക്രൈനിലെ അതിര്‍ത്തി മേഖലകളില്‍ റഷ്യ ഇപ്പോഴും ആക്രമണം തുടരുകയാണ്. മൈക്കോലിവില്‍ മൂന്ന് ആശുപത്രികള്‍ക്ക് നേരെ മിസൈല്‍ ആക്രമണം നടന്നു.

Top