കാമുകിക്ക് നേരെ വെടിയുതിർത്ത ശേഷം ഭാര്യാപിതാവിനെ വെടിവച്ച് കൊലപ്പെടുത്തി എസ്.ഐ

ന്യൂഡൽഹി :  കാമുകിയെ വെടിവച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഡൽഹിയിൽ നിന്ന് രക്ഷപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ ഭാര്യാപിതാവിനെ വെടിവെച്ച് കൊലപ്പെടുത്തി. ഡൽഹി ലഹോരി ഗേറ്റ് പൊലീസ് സ്റ്റേഷനിലെ സബ്-ഇൻസ്പെക്ടർ സന്ദീപ് ദാഹിയയാണ് പ്രതി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്.

കാമുകിയ്ക്ക് നേരേ വെടിയുതിർത്ത ശേഷം മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇയാൾ ഭാര്യാപിതാവിനെയും വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. ഡൽഹിയിൽ വച്ചാണ് ഇയാൾ കാമുകിയെ വെടിവച്ചത് . ശേഷം ഹരിയാനയിലെ റോക്കത്തിലെത്തി ഭാര്യാപിതാവിനെ കൊലപ്പെടുത്തുകയായിരുന്നു. ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഡൽഹി പൊലീസ് അറിയിച്ചു.

കാമുകിയെ കൊലപ്പെടുത്തിയ ശേഷം ഭാര്യയെയും ഭാര്യാപിതാവിനെയും കൊലപ്പെടുത്തുകയായിരുന്നു പ്രതിയായ സന്ദീപിന്റെ ലക്ഷ്യം. എന്നാൽ സന്ദീപിന്റെ ഭാര്യ അയാളുമായി ഏറെക്കാലമായി അകന്നു കഴിയുകയായിരുന്നു. ഭാര്യയെ വീട്ടിൽ കാണാതായതോടെ സന്ദീപ് ഭാര്യാപിതാവിന് നേരേ വെടിയുതിർക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി കാറിൽ വെച്ച് വഴക്കിട്ടതിന് പിന്നാലെയാണ് സന്ദീപ് കാമുകിയെ വെടിവെച്ച് പരിക്കേൽപ്പിച്ചത്.

ഗുരുതരമായി പരിക്കേറ്റ യുവതിയെ റോഡിലുപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. വടക്കൻ ഡൽഹിയിലെ ജി.ടി. കർനാൽ റോഡിലായിരുന്നു സംഭവം. പിന്നീട് ഇതുവഴിയെത്തിയ പൊലീസുകാരാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഈ കേസിൽ സന്ദീപിനായി തിരച്ചിൽ തുടരുമ്പോൾ ആണ് സന്ദീപ് റോക്കത്തിൽ പോയി ഭാര്യാപിതാവിനെയും കൊലപ്പെടുത്തിയത്.

സർവീസ് റിവോൾവർ ഉപയോഗിച്ചാണ് രണ്ടു പേർക്ക് നേരെയും വെടിയുതിർത്തതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമല്ല. ആശുപത്രിയിൽ കഴിയുന്ന യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് പറഞ്ഞു.

Top