‘ആ പ്രസ്താവന നടത്തിയ രജനി എങ്ങനെ തമിഴരെ സമീപിക്കും’; വിജയ് രാഷ്ട്രീയത്തിലേക്ക് വരും?

ചെന്നൈ: ദളപതി വിജയ് രാഷ്ട്രീയത്തിലേക്ക് വന്നേക്കും എന്ന സൂചനകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അദ്ദേഹത്തിന്റെ പിതാവ് എസ്.എ.ചന്ദ്രശേഖര്‍ തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ‘വിജയ് രാഷ്ട്രീയപ്രവേശം നടത്തുന്നതിനായി താനും കാത്തിരിക്കുന്നു’ എന്നാണ് ചന്ദ്രശേഖര്‍ വ്യക്തമാക്കിയത്.

‘മക്കള്‍ ആഗ്രഹിക്കുന്നത് നിറവേറ്റുക എന്നുള്ളതാണ് ഒരു അച്ഛന്റെ കടമ. എല്ലാ അച്ഛന്മാരും ആ കടമ നിറവേറ്റും. അതുപോലെ മകന്‍ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് ആഗ്രഹിച്ചാല്‍ ഞാന്‍ അത് നിറവേറ്റും. ഒരു നാള്‍ അത് സംഭവിക്കുമെന്നാണ് കരുതുന്നത്’- അദ്ദേഹം പറഞ്ഞു.

മകന്റെ രാഷ്ട്രീയ പ്രവേശനത്തിനുള്ള മുന്നറിയിപ്പ് തന്ന അദ്ദേഹം നിലവില്‍ തമിഴ് മണ്ണില്‍ നടക്കുന്ന രാഷ്ട്രീയ കളികളെ കുറിച്ചും വ്യക്തമാക്കി. അദ്ദേഹം ആദ്യം രജനികാന്തിനെയും കമല്‍ഹാസനെയും പിന്തുണച്ചിരുന്നു. എന്നാല്‍ അത് വലിയ തെറ്റായിപോയി എന്നാണ് ചന്ദ്രശേഖര്‍ പറയുന്നത്. മാത്രമല്ല ഇരുവരും രാഷ്ട്രീയത്തില്‍ വന്നാല്‍ അത് തമിഴ്‌നാടിന് ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

തൂത്തുക്കുടിയില്‍ വെടിയേറ്റ് മരിച്ചവരെ തീവ്രവാദികളോട് ഉപമിച്ച രജനി, രാഷ്ട്രീയത്തില്‍ വന്നാല്‍ അദ്ദേഹം തമിഴ് ജനതയെ ഏങ്ങനെയാകും സമീപിക്കുക എന്ന് ചിന്തിക്കേണ്ട കാര്യമാണ്. മാത്രമല്ല തമിഴര്‍ വേണ്ടെന്ന് പറയുന്ന സിഎഎയെ രജനി അനുകൂലിക്കുകയാണെന്നും ചന്ദ്രശേഖര്‍ ആരോപിച്ചു. തമിഴ്‌നാട്ടിലെ ജനങ്ങള്‍ പലകാര്യങ്ങളില്‍ കഷ്ടപ്പെടുന്നുണ്ട്. സിനിമകളില്‍ അക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും സാമൂഹിക പ്രസക്തിയുള്ള സന്ദേശങ്ങള്‍ നല്‍കാനുമാണ് ശ്രമിക്കുന്നത്. കേന്ദ്രസര്‍ക്കാരിനെ എതിര്‍ക്കുകയല്ല, ചില സംശയങ്ങള്‍ ചോദിക്കുകയാണ്.

അതേസമയം തന്റെ മകനെതിരെ ചിലര്‍ വെറുപ്പിന്റെ രാഷ്ട്രീയം വളര്‍ത്താന്‍ ശ്രമിക്കുന്നെന്നും, എന്നാല്‍ അത്രയും അവന്‍ വളരും എന്നല്ലാതെ തളര്‍ത്താന്‍ കഴിയില്ലെന്നും ചന്ദ്രശേഖര്‍ അറിയിച്ചു. സിനിമയില്‍ ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നവര്‍ ജീവിതത്തിലും അങ്ങനെയാവണം എന്നാണ് താന്‍ ആഗ്രഹിക്കുന്നത്.

അതേസമയം, ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വിജയിയെ മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിനേയും അദ്ദേഹം വിമര്‍ശിച്ചു. ഞങ്ങള്‍ കഠിനാധ്വാനം ചെയ്യുന്നു, പണം സമ്പാദിക്കുന്നു. കൃത്യമായി നികുതി അടയ്ക്കുന്നു. അതുകൊണ്ട് അതില്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും ചന്ദ്രശേഖര്‍ പറഞ്ഞു.

നേരത്തേയും വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് ചര്‍ച്ചകള്‍ സജീവമായിരുന്നു.

Top