റുതുരാജിന് നായകപദവി നല്‍കുന്നത് രണ്ട് വര്‍ഷം മുമ്പേ തീരുമാനിച്ചു:എം എസ് ധോണി

ചെന്നൈ: ഐപിഎല്‍ ടീം ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ എം എസ് ധോണിക്ക് ശേഷം ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ക്യാപ്റ്റനാവും എന്നാണ് പലരും കരുതിയിരുന്നത്. 2022ല്‍ ജഡേജയെ ക്യാപ്റ്റനാക്കി ടീം പരീക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യുവ ബാറ്റര്‍ റുതുരാജ് ഗെയ്ക്വാദിനെയാണ് ധോണി ടീമില്‍ തന്റെ പിന്‍ഗാമിയാക്കിയത്. ‘തല’ നായകസ്ഥാനം ഒഴിഞ്ഞത് ആരാധകരെ നിരാശപ്പെടുത്തുന്നുവെങ്കിലും ധോണിയുടെ ഏറെക്കാലമായുള്ള പദ്ധതിയാണ് റുതുരാജിനെ സിഎസ്‌കെയുടെ അടുത്ത നായകനാക്കിയത്.

ഇടക്കാലത്ത് രവീന്ദ്ര ജഡേജയെ നായകനാക്കിയുള്ള പരീക്ഷണം പാളിയതോടെ എം എസ് ധോണിക്ക് ശേഷം റുതുരാജ് ഗെയ്ക്വാദ് ക്യാപ്റ്റനാവണം എന്ന അഭിപ്രായത്തിന് സിഎസ്‌കെയില്‍ പിന്തുണയേറി. 2021-22 സീസണില്‍ റാഞ്ചി വേദിയായ വിജയ് ഹസരെ ട്രോഫിയില്‍ മഹാരാഷ്ട്ര നായകനായി എത്തിയപ്പോള്‍ ധോണിക്കൊപ്പമായിരുന്നു മിക്ക വൈകുന്നേരങ്ങളിലും ഗെയ്ക്വാദ് സമയം ചിലവഴിച്ചിരുന്നത്. അവിടെവച്ചാണ് സിഎസ്‌കെയില്‍ തന്റെ പിന്‍ഗാമി ആകാന്‍ ഒരുങ്ങണമെന്ന് ഗെയ്ക്വാദിനോട് ധോണി ആവശ്യപ്പെട്ടത്. എന്നാല്‍ എപ്പോള്‍ ബാറ്റന്‍ കൈമാറും എന്ന് ‘തല’ പറഞ്ഞില്ല. ഇന്നലെ പ്രഭാതഭക്ഷണത്തിനിടയില്‍ ടീമിന്റെ മുഖ്യ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ലമിങ്ങിനോടും സഹതാരങ്ങളോടും ടീമിലെ മറ്റുള്ളവരോടും ധോണി താന്‍ ക്യാപ്റ്റന്‍സി റുതുവിന് കൈമാറുന്നതായി തീരുമാനം അറിയിക്കുകയായിരുന്നു.പിന്നാലെ മാനേജ്മെന്റിനും എം എസ് ധോണി പുതിയ ക്യാപ്റ്റനെ കുറിച്ച് വിവരം കൈമാറി. എപ്പോഴും ധോണിയുടേ തീരുമാനങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കിയിട്ടുള്ള ടീം ഉടമകള്‍ ഇക്കാര്യത്തില്‍ എതിര്‍ത്തില്ല. റുതുരാജ് ഗെയ്ക്വാദുമായി എം എസ് ധോണി ഏറെനാളായി ആശയവിനിമയം നടത്തിവരുന്നതിനാല്‍ രവീന്ദ്ര ജഡേജയുടെ കാര്യത്തില്‍ 2022ല്‍ സംഭവിച്ച പിഴവ് ഇനിയുണ്ടാകില്ലെന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ പ്രതീക്ഷ.

ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ അടുത്ത നായകനായി റുതുരാജ് ഗെയ്ക്വാദിന്റെ പേര് വന്നത് അപ്രതീക്ഷിതമല്ല. രണ്ട് വര്‍ഷത്തോളമായി യുവ ബാറ്ററെ സിഎസ്‌കെ നായകസ്ഥാനത്തേക്ക് എം എസ് ധോണി വളര്‍ത്തിക്കൊണ്ടുവരികയായിരുന്നു. താന്‍ ടീമില്‍ ഉള്ളപ്പോള്‍ തന്നെ നായകപദവി റുതുരാജിന് കൈമാറാനും ധോണി തീരുമാനിച്ചു. അഞ്ച് വര്‍ഷം മുമ്പത്തെ ഐപിഎല്‍ താരലേലത്തില്‍ അടിസ്ഥാനവിലയായ 20 ലക്ഷം രൂപയ്ക്കാണ് റുതുരാജ് ഗെയ്വാദിനെ സിഎസ്‌കെ സ്വന്തമാക്കിയത്. വളരെ വേഗം ഫ്രാഞ്ചൈസി ഉടമ എന്‍ ശ്രീനിവാസന്റെ ഗുഡ്ബുക്കില്‍ ഇടം നേടിയ ഗെയ്ക്വാദ് 2021ലെ സീസണില്‍ 600 റണ്‍സിലധികം നേടിയതോടെ ടീമിലുറച്ചു.

Top