യുക്രെയ്ന്‍ പ്രവിശ്യകളില്‍ റഷ്യയുടെ തിരഞ്ഞെടുപ്പ് തുടങ്ങി

മോസ്‌കോ: റഷ്യ ഒരു വര്‍ഷം മുന്‍പ് പിടിച്ചെടുത്ത യുക്രെയ്ന്‍ പ്രവിശ്യകളില്‍ തിരഞ്ഞെടുപ്പ് തുടങ്ങി. ഡോണെറ്റെസ്‌ക്, ലുഹാന്‍സ്‌ക്, ഖേഴ്‌സന്‍, സാപൊറീഷ്യ എന്നീ പ്രവിശ്യകളില്‍ തുടങ്ങിയ തിരഞ്ഞെടുപ്പ് ഞായറാഴ്ച വരെ നടക്കും. നേരത്തെ ഈ മേഖലകളില്‍ റഷ്യ ഹിതപരിശോധന നടത്തിയിരുന്നു. തിരഞ്ഞെടുപ്പിനെ യുക്രെയ്‌നും പാശ്ചാത്യ രാജ്യങ്ങളും അപലപിച്ചു. ന്യൂഡല്‍ഹിയില്‍ ജി20 ഉച്ചകോടി നടക്കുന്ന സമയമാണ് അധിനിവേശ മേഖലകളില്‍ റഷ്യ തിരഞ്ഞെടുപ്പ് നടത്തുന്നത്. ജി20 സംയുക്ത പ്രസ്താവന യുക്രെയ്ന്‍ വിഷയത്തില്‍ ഏകാഭിപ്രായത്തില്‍ എത്തിയിട്ടുമില്ല.

പൂര്‍ണമായും തങ്ങളുടെ നിയന്ത്രണത്തിലാണ് ഈ മേഖലകള്‍ എന്നു വരുത്തിത്തീര്‍ക്കാനാണ് റഷ്യ തിരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. മേഖലാ പാര്‍ലമെന്റംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പാണ് നടക്കുന്നത്. ഇവര്‍ ചേര്‍ന്ന് ഗവര്‍ണര്‍മാരെ തിരഞ്ഞെടുക്കും. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്റെ സ്വന്തം പാര്‍ട്ടിയായ യുണൈറ്റഡ് ഇന്ത്യയും കമ്യൂണിസ്റ്റ് പാര്‍ട്ടിയും ലിബറേഷന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും ആണ് മത്സരരംഗത്തുള്ളത്.

പലയിടത്തും റഷ്യന്‍ പട്ടാളക്കാര്‍ വീട്ടിലെത്തി വോട്ടുചെയ്യാന്‍ ആവശ്യപ്പെടുമ്പോഴാണ് ജനങ്ങള്‍ തിരഞ്ഞെടുപ്പിനെപ്പറ്റി അറിയുന്നത്. ജനങ്ങളെ വോട്ടുചെയ്യാന്‍ ഭീഷണിപ്പെടുത്തുന്നതായി യുക്രെയ്ന്‍ ആരോപിച്ചു. വോട്ടുചെയ്യാന്‍ വിസമ്മതിക്കുന്നവരെ തടവിലാക്കുന്നുമുണ്ട്. 80% ജനങ്ങളെ വോട്ടുചെയ്യിക്കാനാണ് റഷ്യ ശ്രമം നടത്തുന്നതെന്ന് മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടി.

Top