റഷ്യൻ യുവതി പരിക്കേറ്റ് ചികിത്സ തേടിയ സംഭവം; സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ

കോഴിക്കോട്; റഷ്യൻ യുവതിയെ പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവത്തിൽ സ്വമേധയാ കേസ് എടുത്ത് വനിതാ കമ്മീഷൻ. കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷൻ ഓഫീസറോട് വനിത കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി. സംഭവത്തിൽ യുവതിയുടെ മൊഴി ഉടൻ രേഖപ്പെടുത്തും. ഇതിനായി റഷ്യൻ ഭാഷ അറിയുന്ന ആളുകളുടെ സഹായം ഉടൻ തേടാനും കമ്മീഷൻ നിർദേശം നൽകി.

കൂരാച്ചുണ്ട് കാളങ്ങാലിയിൽ ആൺസുഹൃത്തിനൊപ്പം താമസിച്ചു വരികയായിരുന്ന യുവതി കഴിഞ്ഞദിവസമാണ് കെട്ടിത്തിൽ നിന്നും ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്. യുവതി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. ആൺസുഹൃത്തിന്റെ ഉപദ്രവമാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് കാരണമെന്നാണ് സൂചന.

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട മലയാളി യുവാവിനെ തേടി മൂന്നുമാസം മുമ്പാണ് യുവതി കൂരാച്ചുണ്ടിലെത്തിയത്. റഷ്യൻ യുവതിയും ആൺസുഹൃത്തും കൂരാച്ചുണ്ടിൽ കുറച്ചുകാലമായി ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. കൂരാച്ചുണ്ട് പൊലീസ് എത്തിയാണ് പരിക്കേറ്റ് കിടന്നിരുന്ന യുവതിയെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിന് ശേഷം കാണാതായ ആൺസുഹൃത്തിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top