ഭരണഘടന ഭേദഗതിക്ക് റഷ്യന്‍ വോട്ടര്‍മാരുടെ അംഗീകാരം; പുടിന്‍ 2036 വരെ തുടരും

മോസ്‌കോ: 20 വര്‍ഷത്തിലധികമായി റഷ്യ ഭരിക്കുന്ന വ്‌ലാദിമര്‍ പുടിന്‍ 2036 വരെ ഭരണത്തില്‍ തുടരാമെന്ന് ജനവിധി. പുടിന്‍ അധികാരത്തില്‍ തുടരാന്‍ അനുവദിക്കുന്ന ഭരണഘടന ഭേദഗതിക്ക് റഷ്യന്‍ വോട്ടര്‍മാര്‍ അംഗീകാരം നല്‍കി.

67 വയസ്സുള്ള പുടിന്‍ 20 വര്‍ഷമായി പ്രധാനമന്ത്രി, പ്രസിഡന്റ് പദവികളിലുണ്ട്. നിലവിലെ പ്രസിഡന്റ് സ്ഥാനം 2024 വരെയാണുള്ളത്. ആറുവര്‍ഷം വീതമുള്ള രണ്ടുതവണ കൂടി ലക്ഷ്യമിട്ടാണ് ഭരണഘടനാ ഭേദഗതി കൊണ്ടുവന്നത്.

55 ശതമാനം വോട്ടുകളില്‍ 77 ശതമാനം ആളുകള്‍ ഭരണഘടന ഭേദഗതിയെ അനുകൂലിച്ച് വോട്ടുചെയ്തതായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില് തിരക്ക് നിയന്ത്രിക്കുന്നതിനായി ഒരാഴ്ച നീണ്ടുനിന്ന വോട്ടെടുപ്പ് പ്രക്രിയയാണ് നടന്നത്. പ്രതിപക്ഷത്ത് ഏകോപനമില്ലാത്തതും പ്രചാരണത്തിലെ പാളിച്ചകളും പുടിന് വിജയം എളുപ്പമാക്കി.

ജനുവരിയിലാണ് ഭരണഘടനാമാറ്റത്തിനുള്ള വോട്ടെടുപ്പ് നിര്‍ദേശിച്ചത്. ഏപ്രില്‍ 22-നായിരുന്നു നടക്കേണ്ടിയിരുന്നത്. എന്നാല്‍, വൈറസ് വ്യാപനത്തെത്തുടര്‍ന്ന് മാറ്റി വെയ്ക്കുകയായിരുന്നു. നിര്‍ദിഷ്ട ഭരണഘടനാമാറ്റങ്ങള്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും കോടതിയും നേരത്തെ അംഗീകരിച്ചിരുന്നു. പുടിന്‍ ഒപ്പുവെക്കുകയും ചെയ്തു. ജനങ്ങളുടെ അംഗീകാരത്തിനായി വീണ്ടും വോട്ടെടുപ്പ് ആവശ്യമില്ലെങ്കിലും ജനം തീരുമാനിക്കട്ടേയെന്ന് പുടിന്‍ തന്നെയാണ് നിര്‍ദേശിച്ചത്.

Top