കീവില്‍ റഷ്യന്‍ സൈന്യം പ്രവേശിച്ചു, പ്രസിഡന്റ് സെലന്‍സ്‌കിയെ ബങ്കറിലേക്ക് മാറ്റി

കീവ്: ശക്തമായ ആക്രമണത്തിലൂടെ യുക്രൈന്‍ തലസ്ഥാനമായ കീവില്‍ റഷ്യന്‍ സൈന്യം പ്രവേശിച്ചതോടെ പ്രസിഡന്റ് സെലന്‍സ്‌കിയെ ബങ്കറിലേക്ക് മാറ്റി. റഷ്യന്‍ സൈന്യം പാര്‍ലമെന്റ് പിടിക്കുമെന്ന് ഉറപ്പായതോടെയാണ് പ്രസിഡന്റിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. കീവിലെ ഒബലോണ്‍ ജില്ലയിലാണ് റഷ്യ പ്രവേശിച്ചിരിക്കുന്നത്. റഷ്യന്‍ ടാങ്കറുകള്‍ കീവിലെ ജനവാസമേഖലകളില്‍ എത്തിയതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

അതേസമയം, യുക്രൈന്‍ ആയുധം താഴെ വച്ചാല്‍ ചര്‍ച്ചയാകാമെന്ന വ്യക്തമാക്കി റഷ്യന്‍ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. യുക്രൈന്‍ ആയുധം താഴെ വച്ച് കീഴടങ്ങണമെന്നാണ് വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് പറഞ്ഞു. തങ്ങളുടെ ആക്രമണത്തിന്റെ ലക്ഷ്യം യുക്രൈനിന്റെ മോചനമാണെന്നും റഷ്യ പറഞ്ഞു.

തന്ത്രപ്രധാനമായ കീവ് വിമാനത്താവളം പിടിച്ചെടുത്തതായും റഷ്യന്‍ സൈന്യം അറിയിച്ചു. ഇതോടെ പടിഞ്ഞാറ് നിന്ന് കീവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു.

വന്‍ സ്‌ഫോടന പരമ്പരയാണ് ഇന്ന് കീവിലുണ്ടായത്. റഷ്യന്‍ സൈന്യം കീവ് വളയാന്‍ ശ്രമിക്കുകയാണെന്നും താനും കുടുംബവും കീവില്‍ തന്നെ തുടരുമെന്നും യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി നേരത്തെ പറഞ്ഞിരുന്നു. സഹായത്തിനായി നാറ്റോ രാജ്യങ്ങളെ വിളിച്ചു. ആരും സഹായത്തിനെത്തിയില്ല. യുക്രൈന്‍ ഒറ്റയ്ക്കാണ് റഷ്യക്കെതിരെ പോരാടുന്നതെന്നും സെലന്‍സ്‌കി പറഞ്ഞു. റഷ്യന്‍ ആക്രമണത്തില്‍ 137 പേര്‍ കൊല്ലപ്പെട്ടുവെന്നും സെലന്‍സ്‌കി അറിയിച്ചു.

800 റഷ്യന്‍ സൈനികരെ കൊലപ്പെടുത്തിയതായും യുക്രൈന്‍ അറിയിച്ചു. സാംസ്‌കാരിക നഗരമായ ഒഡേസയില്‍ വ്യോമാക്രമണവും സപ്പരോസിയില്‍ മിസൈല്‍ ആക്രമണവും റഷ്യ നടത്തി. ബ്രോവറിയിലെ സൈനികത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. നാറ്റോ ടെറിട്ടറിക്ക് 25 മൈല്‍ അകലെ സ്‌നേക്ക് ഐലന്‍ഡില്‍ കീഴടങ്ങാന്‍ കൂട്ടാക്കാതിരുന്ന 13 യുക്രൈന്‍ സൈനികരെ റഷ്യ വധിച്ചതായും യുക്രൈന്‍ അറിയിച്ചു.

Top