കൊറിയകളെ പോലെ വിഭജിക്കുമെന്ന്, റഷ്യന്‍ നീക്കത്തെ ഭയന്ന് യുക്രൈന്‍ !

കീവ് : യുക്രൈനെ രണ്ടായി വിഭജിക്കാനാണ് റഷ്യ ലക്ഷ്യമിടുന്നതെന്ന് യുക്രേനിയന്‍ മിലിട്ടറി ഇന്റലിജന്‍സ് മുന്നറിയിപ്പ്. റോയിട്ടേഴ്‌സിനെ ഉദ്ധരിച്ച് ബി.ബി.സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യം മുഴുവന്‍ പിടിച്ചെടുക്കുന്നതില്‍ പരാജയപ്പെട്ടതിന് ശേഷം യുക്രൈയ്നെ രണ്ടായി വിഭജിച്ച് മോസ്‌കോ നിയന്ത്രിത മേഖല സൃഷ്ടിക്കാന്‍ റഷ്യ ശ്രമിക്കുന്നതായാണ് യുക്രൈയ്നിന്റെ മിലിട്ടറി ഇന്റലിജന്‍സ് മേധാവി ആരോപിക്കുന്നത്.

‘യുക്രെയ്‌നില്‍ ഉത്തര, ദക്ഷിണ കൊറിയകള്‍ സൃഷ്ടിക്കാന്‍’ റഷ്യ നോക്കുകയാണെന്നാണ് യുക്രൈയിന്റെ ആരോപണം. ഇക്കാര്യം റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്, റഷ്യയുടെ ഈ നീക്കത്തെ ചെറുക്കാന്‍ റഷ്യന്‍ അധിനിവേശ പ്രദേശത്ത് തന്റെ രാജ്യം ഉടന്‍ ഗറില്ലാ യുദ്ധം ആരംഭിക്കുമെന്നാണ് ഇന്റലിജന്‍സ് മേധാവി അറിയിച്ചിരിക്കുന്നത്.

യുക്രൈന്‍ പൂര്‍ണ്ണമായും പിടിച്ചെടുത്ത് അവിടെ മറ്റൊരു ഭരണകൂടം സ്ഥാപിക്കുന്നതിനേക്കാള്‍, ഉത്തര- ദക്ഷിണ കൊറിയകളെ പോലെ റഷ്യ രണ്ടായി വിഭജിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ലന്നാണ് നയതന്ത്ര വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ ദക്ഷിണ കൊറിയ അമേരിക്കന്‍ പക്ഷത്തും ഉത്തര കൊറിയ ചൈനീസ് പക്ഷത്തുമാണ് നിലയുറപ്പിച്ചിരിക്കുന്നത്.ഇതേ മോഡലില്‍ ഒരു വിഭജനം യുക്രെയ്‌നില്‍ നടന്നാല്‍, ഭൂമി ശാസ്ത്രപരമായും അത് റഷ്യക്കാണ് ഗുണം ചെയ്യുക. അത്തരമൊരു തീരുമാനം റഷ്യ എടുത്താല്‍ പോലും, വിഭജനത്തിന് മുന്‍പ് കൂടുതല്‍ നാശനഷ്ടം അവര്‍ യുക്രെയിന് സൃഷ്ടിക്കാനാണ് സാധ്യത.

റഷ്യയുടെ യുക്രൈന്‍ അധിനിവേശം ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോള്‍ സാധാരണക്കാരുള്‍പ്പെടെ പതിനായിരക്കണക്കിനാളുകളാണ് ഇതുവരെ കൊല്ലപ്പെട്ടിരിക്കുന്നത്. മെയ് ഒമ്പതിനകം റഷ്യന്‍ സൈന്യം യുദ്ധം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് യുക്രൈന്‍ കരുതുന്നത്. അതിന് അവര്‍ക്ക് അവരുടേതായ കാരണങ്ങളുമുണ്ട്.

മേയ് 9 നാസി ജര്‍മനിക്കെതിരായ പോരാട്ടത്തില്‍ റഷ്യയുടെ വിജയദിനമാണ്. നാസി ജര്‍മ്മനിക്കെതിരെ നേടിയ വിജയം റഷ്യയില്‍ വലിയ വിജയമായാണ് ആഘോഷിച്ചു വരുന്നത്. അതുകൊണ്ടു തന്നെ, ഈ ദിവസത്തിനകം യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ ആഗ്രഹിക്കുന്നുണ്ടെന്നാണ് യുക്രൈന്‍ സായുധ സേനയും കരുതുന്നത്. അതല്ലങ്കില്‍, കൂടുതല്‍ മാരകമായ ബോംബുകള്‍ വര്‍ഷിച്ച് യുക്രൈയിന്റെ പതനം റഷ്യ പൂര്‍ണ്ണമാക്കുമെന്ന ഭയവും യുക്രൈന്‍ സൈന്യത്തിനുണ്ട്.

കൊല്ലപ്പെട്ട സൈനികരുടെ എണ്ണത്തില്‍ ഇരു രാജ്യങ്ങളും ഇതുവരെ കൃത്യത വരുത്തിയിട്ടില്ലങ്കിലും 20,000 ത്തോളം യുക്രൈന്‍ സൈനികരും 2000ത്തോളം റഷ്യന്‍ സൈനികരും കൊല്ലപ്പെട്ടതായാണ് അഭ്യൂഹം. ലക്ഷക്കണക്കിനാളുകളാണ് കഴിഞ്ഞ ഒരു മാസത്തിനകം പലായനം ചെയ്തിരിക്കുന്നത്. പോളണ്ട്, ഹംഗറി, സ്ലൊവാക്യ, മോള്‍ഡോവ, റൊമാനിയ, ബെലറൂസ് എന്നീ രാജ്യങ്ങളിലേക്ക് അഭയാര്‍ഥികള്‍ കൂട്ടമായി ഇപ്പോഴും എത്തികൊണ്ടിരിക്കുകയാണ്. പോളണ്ടിലേക്കാണ് ഏറ്റവുമധികം അഭയാര്‍ഥി പ്രവാഹം ഉണ്ടായിരിക്കുന്നത്.

നിലവില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ തുടരുമ്പോഴും, റഷ്യയുടെ ആക്രമണം കൂടുതല്‍ ശക്തമായി തന്നെ തുടരുകയാണ്. കീവ് അടക്കമുള്ള യുക്രൈന്റെ തന്ത്ര പ്രധാന നഗരങ്ങളെല്ലാം തകര്‍ന്ന് തരിപ്പണമായ അവസ്ഥയിലാണ് ഉള്ളത്. ശീതയുദ്ധത്തിനുശേഷം ലോകത്താകെ ഇത്രയധികം ഭീതി ഉയര്‍ത്തിയ മറ്റൊരു യുദ്ധവും ഉണ്ടായിട്ടില്ലന്നാണ് നയതന്ത്ര വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്. ‘യുക്രൈന്‍ വിഭജനം, അതല്ലങ്കില്‍ പൂര്‍ണ്ണമായ അധിനിവേശം” ഇതില്‍ എന്ത് തീരുമാനമാണ് റഷ്യ എടുക്കുന്നത് എന്നതിനെ ആശ്രയിച്ച് യുദ്ധത്തിന്റെ ഗതിയും മാറും.

Top