റഷ്യന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്;അഞ്ചാം തവണയും വ്‌ളാദിമിര്‍ പുടിന്‍ അധികാരത്തില്‍

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയം വ്‌ളാദിമിര്‍ പുടിന് തന്നെ. ഇതോടെ അഞ്ചാം തവണയും പുടിന്‍ റഷ്യയുടെ അധികാരത്തിലെത്തി. 87.97 ശതമാനം വോട്ടുകള്‍ നേടിയാണ് പുടിന്റെ വിജയം. 2030 വരെ ആറ് വര്‍ഷം ഇനി പുടിന് റഷ്യയുടെ അധികാരം കയ്യാളാം. ഇതോടെ സ്റ്റാലിന് ശേഷം ഏറ്റവുമധികകാലം ഭരണത്തിലിരിക്കുന്ന നേതാവാകുകയാണ് പുടിന്‍.പുടിന്‍ പ്രസിഡന്റാകുന്നതിനെതിരെ റഷ്യയില്‍ വലിയ പ്രതിഷേധം നടന്നിരുന്നു. പുടിനെതിരെ നൂണ്‍ എഗെയ്ന്‍സ്റ്റ് പുടിന്‍ എന്ന പേരിലാണ് പ്രതിഷേധം നടന്നത്. റഷ്യയിലെ പോളിങ് സ്റ്റേഷനുകള്‍ക്ക് മുന്നില്‍ പ്ലക്കാര്‍ഡുകളുയര്‍ത്തിയും മുദ്രാവാക്യം വിളിച്ചുമാണ് പ്രതിഷേധിച്ചത്. ജയിലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നിയുടെ ഭാര്യ യുലിയ ബെര്‍ലിനില്‍ റഷ്യന്‍ എംബസിക്ക് മുന്നില്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. കൈയടികളോടെയാണ് പ്രതിഷേധക്കാര്‍ യൂലിയയെ സ്വീകരിച്ചത്.

1999 ല്‍ പ്രസിഡന്റ് ബോറിസ് യെല്‍റ്റ്സിന്‍ പുടിനെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചു. അങ്ങനെ രാജ്യത്തിന്റെ രണ്ടാമത്തെ പരമാധികാര കേന്ദ്രം ആദ്യമായി പുടിനെ തേടിയെത്തി. 1999 ഡിസംബര്‍ 31 ന് യെല്‍റ്റ്സിന്‍ രാജിവച്ചതോടെ പുടിന്‍ ആക്ടിങ് പ്രസിഡന്റായി. മാസങ്ങള്‍ക്ക് ശേഷം 2000 മെയ് ഏഴിന് പുടിന്‍ റഷ്യന്‍ പ്രസിഡന്റായി. പിന്നീട് വീണ്ടും പ്രധാനമന്ത്രിയായും മൂന്ന് തവണ കൂടി പ്രസിഡന്റായും രണ്ട് പതിറ്റാണ്ടിലേറെയായി റഷ്യ കറങ്ങുന്നത് പുടിന്‍ എന്ന അച്ചുതണ്ടിലാണ്.രാജ്യത്തിന്റെ പരമാധികാരം തന്റെ കൈയിലൊതുക്കാന്‍ ചെയ്യേണ്ടതെല്ലാം ഇതിനോടകം ചെയ്തു കഴിഞ്ഞു പുടിന്‍. റീജിയണല്‍ ഗവര്‍ണര്‍മാരെ നിയമിക്കാന്‍ പ്രസിഡന്റിന് അധികാരം നല്‍കികൊണ്ടുള്ള നിയമത്തില്‍ 2004ല്‍ പുടിന്‍ ഒപ്പുവച്ചു. 2008 ല്‍ പുടിന്‍ പ്രസിഡന്റ് സ്ഥാനത്തുനിന്നിറങ്ങി ദിമിത്രി മെദ്ദേവ് പ്രസിഡന്റായി. പ്രധാനമന്ത്രിയായി പുടിന്‍ വീണ്ടുമെത്തി. എന്നാല്‍ അധികാരം പുടിന്റെ കൈയില്‍ തുടരുന്നതും പ്രസിഡന്റ് പുടിന്റെ പാവയാകുന്നതുമാണ് പിന്നീട് കണ്ടത്. 2012 ല്‍ വീണ്ടും പ്രസിഡന്റിന്റെ അധികാര കസേരയിലേക്ക് തിരിച്ചുവന്ന പുടിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 2036 വരെ അധികാരത്തില്‍ തുടരാന്‍ അനുവദിച്ചുകൊണ്ടുള്ള നിയമത്തില്‍ ഒപ്പുവച്ചുകൊണ്ട് തന്റെ പരമാധികാരം പുടിന്‍ ഊട്ടിയുറപ്പിച്ചു. ഇതിന്റെയെല്ലാം തുടര്‍ച്ചയാണ്, പ്രതിഷേധങ്ങളും എതിര്‍സ്വരങ്ങളും ഉയരുമ്പോഴും മൂക്കാല്‍ ശതമാനത്തിലേറെ വോട്ട് നേടിയുള്ള പുടിന്റെ വിജയം.

മരിക്കുന്നതുവരെയും പുടിന്റെ ഏകപക്ഷീയ വിജയങ്ങള്‍ക്കെതിരെ നവല്‍നി പോരാട്ടം നടത്തിയിരുന്നു. ഈ പോരാട്ടത്തിന്റെ തുടര്‍ച്ചയാണ് നൂണ്‍ എഗെയ്ന്‍സ്റ്റ് പുടിന്‍. പ്രതിഷേധക്കാര്‍ ബാലറ്റ് നശിപ്പിക്കുകയോ, പുടിന്റെ മൂന്ന് എതിര്‍ സ്ഥാനാര്‍ത്ഥികളിലൊരാള്‍ക്ക് വോട്ട് ചെയ്യുകയോ ചെയ്തു. വോട്ടെടുപ്പില്‍ പങ്കെടുത്ത് നവല്‍നിയുടെ അനുയായികള്‍ സമാധാനപരമായി പ്രതിഷേധത്തിന്റെ ഭാഗമായ വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.മരിക്കുന്നതുവരെയും പുടിന്റെ ഏകപക്ഷീയ വിജയങ്ങള്‍ക്കെതിരെ നവല്‍നി പോരാട്ടം നടത്തിയിരുന്നു. ഈ പോരാട്ടത്തിന്റെ തുടര്‍ച്ചയാണ് നൂണ്‍ എഗെയ്ന്‍സ്റ്റ് പുടിന്‍. പ്രതിഷേധക്കാര്‍ ബാലറ്റ് നശിപ്പിക്കുകയോ, പുടിന്റെ മൂന്ന് എതിര്‍ സ്ഥാനാര്‍ത്ഥികളിലൊരാള്‍ക്ക് വോട്ട് ചെയ്യുകയോ ചെയ്തു. വോട്ടെടുപ്പില്‍ പങ്കെടുത്ത് നവല്‍നിയുടെ അനുയായികള്‍ സമാധാനപരമായി പ്രതിഷേധത്തിന്റെ ഭാഗമായ വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.

Top